Connect with us

Cover Story

ഉൾക്കണ്ണിലെ തീ വഴികാട്ടി; കാട്ടിൽ നിന്ന് കരുത്തിലേക്ക്...

മൂത്ത സഹോദരി ലക്ഷ്മി നാട്ടിലെ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ ആയിരുന്നു. തപാലാപ്പീസിൽ ഗ്രാമത്തിലെ കാഴ്‌ചയില്ലാത്ത ആൾക്ക്‌ വന്നുകൊണ്ടിരുന്ന ബ്രയിൽ ലിറ്ററേച്ചറുകൾ ലക്ഷ്മിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതാണ്‌ കൃഷ്ണന്റെ ജീവിതത്തിലെ വഴിത്തിരിവായത്.

Published

|

Last Updated

“നമുക്ക് മറ്റുള്ളവരോട് ചേർന്നുനിൽക്കണം, അവരിൽ ഒരാളാകണം പരിമിതികളെ സാധ്യതകളാക്കണം, ജീവിതത്തിൽ മുന്നേറാൻ പുതിയകാലത്ത് സാധ്യതകളുണ്ട്. നിയമ പരിരക്ഷയുണ്ട്, സാങ്കേതിക പിന്തുണയുണ്ട്. പിന്നെയെന്തിന് പിന്തിരിഞ്ഞു നിൽക്കണം, തീർച്ചയായും ഈ സമൂഹത്തിൽ നമുക്ക് നമ്മളെ അടയാളപ്പെടുത്തി മുന്നേറണം…’
വയനാട്ടിലെ കൽപ്പറ്റ എൻ എം എസ്‌ എം ഗവ. കോളജിലെ പൊളിറ്റിക്കൽ സയൻസ് മേധാവി ഡോക്ടർ കൃഷ്ണൻ മൂതിമൂല തന്റെ ജീവിതം പറയുകയാണ്. കാഴ്‌ചയില്ലായ്‌മ എന്ന പരിമിതിയെ ഏറ്റവും വലിയ സാധ്യതയാക്കി വിദ്യാഭ്യാസത്തിലെ ഉയർന്ന ഘട്ടം പൂർത്തിയാക്കി, മികച്ച അധ്യാപകനായി, മികച്ച സാമൂഹിക പ്രവർത്തകനായി മാതൃകയാകുകയാണ് ഡോ. കൃഷ്‌ണൻ മൂതിമൂല.

ഡോ. കൃഷ്ണൻ മൂതിമൂല ക്ലാസ്സെടുക്കുകയാണ്. സമകാലിക സംഭവങ്ങൾ വരെ വിവരിച്ചു കൊണ്ടാണ്‌ ക്ലാസ്സ് മുന്നേറുന്നത്. ഏറ്റവും പുതിയ രാഷ്ട്രീയ കാര്യങ്ങൾ പോലും ക്ലാസ്സിൽ കനപ്പെട്ട ശബ്ദത്തിൽ വിശദീകരിക്കുന്നുണ്ട്. വിദ്യാർഥികളെല്ലാം അതീവ ശ്രദ്ധയോടെ എല്ലാം കേട്ട് ഉൾക്കൊള്ളുന്നു. കാഴ്ചയില്ലാത്ത ഒരാളാണ് ഇത്ര മനോഹരമായി ക്ലാസ്സെടുക്കുന്നതെന്നറിയുമ്പോഴാണ് ഡോ. കൃഷ്ണൻ മൂതിമൂലയുടെ അതിജീവനത്തിന്റെ സഞ്ചാരപാത അറിയാൻ ആർക്കും താത്്പര്യമുണ്ടാകുക.
മൂതിമൂലയിലെ മാധവന്റെ മകനും എല്ലാവരെപ്പോലെയും ഓടിച്ചാടിക്കളിച്ച ഒരു ബാല്യമുണ്ടായിരുന്നു.

പക്ഷേ, അത്‌ വളരെ കുറച്ച്‌ കാലം മാത്രമാണ്‌ നിലനിന്നത്‌. നാലാം വയസ്സുവരെ സാധാരണ കുട്ടിയെ പോലെ കാഴ്ചയുള്ള ആളായിരുന്നു കൃഷ്ണൻ. പിന്നെ പോളിയോ ബാധിച്ചതാണെന്ന്‌ കരുതുന്നു; കാഴ്ച നഷ്ടമാകുകയായിരുന്നു. വയനാട്ടിലന്ന് സാധ്യമായിരുന്ന എല്ലാ ചികിത്സകളും ലഭ്യമാക്കിയെങ്കിലും കൃഷ്‌ണന്റെ വർണലോകം തിരിച്ചുകിട്ടിയില്ല. അന്ന് മുതൽ കൃഷ്ണൻ അതിജീവനത്തിന്റെ സമരത്തിലാണ്. പഠിച്ച്‌ മുന്നേറി ജോലി നേടിയെന്ന് മാത്രമല്ല, കാഴ്ചാപരിമിതരുടെ പ്രശ്നങ്ങൾ പഠിച്ച് പ്രബന്ധം അവതരിപ്പിച്ച്‌ ഡോക്ടറേറ്റ് നേടാനും കഴിഞ്ഞു. ഇരുളടഞ്ഞു പോകുമായിരുന്ന ജീവിത സാഹചര്യത്തിൽ നിന്ന് കൈപ്പിടിച്ച് നടത്തിച്ചത് അക്ഷരത്തിലൂടെ ആർജിച്ച അറിവും അനുഭവങ്ങളുമാണെന്ന്‌ കൃഷ്ണൻ മാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.

മൂത്ത സഹോദരി ലക്ഷ്മി നാട്ടിലെ  പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ ആയിരുന്നു. തപാലാപ്പീസിൽ ഗ്രാമത്തിലെ കാഴ്‌ചയില്ലാത്ത ആൾക്ക്‌ വന്നുകൊണ്ടിരുന്ന ബ്രയിൽ ലിറ്ററേച്ചറുകൾ ലക്ഷ്മിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതാണ്‌ കൃഷ്ണന്റെ ജീവിതത്തിലെ വഴിത്തിരിവായത്. എവിടെ നിന്നാണ് ഇത്തരം ബ്രെയിലി സാഹിത്യങ്ങൾ വരുന്നത് എന്ന് അന്വേഷിച്ചപ്പോൾ കൂടുതൽ വിവരങ്ങൾ ലക്ഷ്മിക്ക്‌ ലഭിച്ചു. അക്കാലത്ത്‌ കാഴ്‌ചയില്ലാത്തവർ വീട്ടിനകത്ത്‌ ഒതുങ്ങി ജീവിതം തള്ളിനീക്കുന്ന സ്ഥിതിയായിരുന്നു. എന്നാൽ, അന്വേഷണം കാഴ്‌ചാ പരിമിതർക്ക്‌ പ്രത്യേക വിദ്യാലയങ്ങൾ ഉണ്ടെന്ന അറിവ് ആ സഹോദരിക്ക് ലഭിച്ചു. തുടർന്ന് തന്റെ കാഴ്ചയില്ലാത്ത പ്രിയപ്പെട്ട സഹോദരനെ അത്തരം വിദ്യാലയത്തിന്റെ സഹായത്തോടെ അറിവിന്റെ ലോകത്തെത്തിക്കണമെന്ന അവരുടെ ആഗ്രഹമാണ് കൃഷ്ണന്റെ ജീവിതത്തിൽ വെളിച്ചം നിറച്ചത്‌.

മലപ്പുറം മങ്കട പള്ളിപ്പുറത്തെ കാഴ്ചയില്ലാത്തവരുടെ വിദ്യാലയത്തിൽ അങ്ങനെയാണ് കൃഷ്ണൻ എത്തിച്ചേരുന്നത്. 1976ൽ സ്കൂൾ വിദ്യാഭ്യാസം തുടങ്ങുകയാണ്. അവിടുത്തെ അധ്യാപകരും സഹപാഠികളും പഠനത്തിൽ സഹായിച്ചു. അതിനുമുമ്പ് റേഡിയോയിലൂടെ കേട്ടുകൊണ്ടുള്ള വിശേഷങ്ങളിലൂടെയാണ് പുതിയ കാര്യങ്ങൾ അറിഞ്ഞുകൊണ്ടിരുന്നത്. എന്നാൽ, അതിനപ്പുറത്തേക്ക് ചിട്ടയായ പഠനം മങ്കട പള്ളിപ്പുറത്തെ സ്കൂളിൽ നിന്നാണ് ആരംഭിക്കുന്നത്. വീട്ടിലായിരുന്നപ്പോൾ സുഹൃത്തുക്കൾ കൃഷ്ണനെ ഒരിക്കലും ഒറ്റപ്പെടുത്താതെ നീന്തലിലും കളിയിലും എല്ലാത്തിനും ഒപ്പം ചേർത്തിരുന്നു. ഇതേ അനുഭവം തന്നെയാണ് മങ്കട പള്ളിപ്പുറത്ത് സ്കൂളിലും കൃഷ്‌ണന്‌ ലഭിച്ചത്. പ്രാഥമിക കാര്യങ്ങൾ സ്വയം ചെയ്യാനുള്ള പരിശീലനവും ഇക്കാലത്ത്‌ നേടിയെടുത്തു. കാഴ്ചയില്ലാത്ത അധ്യാപകർ തന്നെയായിരുന്നു കൂടുതലും ക്ലാസ്സെടുത്തിരുന്നത്‌. അതിനൊപ്പം സാധാരണ അധ്യാപകരും ഉണ്ടായിരുന്നു. സാധാരണ പാഠങ്ങൾ ബ്രയിലിയിലേക്ക്‌ മാറ്റിയാണ്‌ എഴുതാനും വായിക്കാനും പഠിപ്പിച്ചിരുന്നത്‌.

വി കെ കൃഷ്ണൻ എന്ന പേരിലുള്ള അധ്യാപകൻ സവിശേഷമായ ശ്രദ്ധയോടെ കൃഷ്ണന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ ഇടപെട്ടിരുന്നു. 50 പേർ വരെ അന്ന് സ്കൂളിലുണ്ടായിരുന്നു. ഒന്നാം ക്ലാസ്സിൽ ഏഴ്‌ പേർ ഉണ്ടായിരുന്നു. സ്കൂളിൽ തന്നെ താമസിച്ചായിരുന്നു പഠനം. ഇക്കാലത്ത്‌ തന്നെ പഠിച്ച്‌ മുന്നേറാനാകുമെന്ന ആത്മവിശ്വാസം കൃഷ്‌ണനിൽ രൂപപ്പെട്ടിരുന്നു.

മൂന്നാം തരത്തിൽ പഠിപ്പിക്കുമ്പോൾ ബ്രെയിൽ ലിപി എഴുത്തിൽ നല്ല മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. സ്കൂൾ തലത്തിൽ ഈ വിഭാഗത്തിൽ ഒന്നാമതാകാനും സാധിച്ചു. അധ്യാപകരുടെയും സഹപാഠികളുടെയും ഇടപെടലോടെ പഠനത്തിന്റെ താത്പര്യം വർധിക്കുന്ന ഘട്ടം കൂടിയായിരുന്നു ഇത്‌. അഞ്ചാം തരത്തിൽ എത്തിയപ്പോഴേക്കും സംസ്ഥാനതലത്തിൽ ബ്രയിൽ എഴുത്ത്‌ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. ടി പി വാസു മാസ്റ്ററും ഇക്കാലത്തെ മങ്കട പള്ളിപ്പുറം സ്കൂളിലെ പ്രമുഖ അധ്യാപകനായിരുന്നു. 1967ൽ പി എച്ച്‌ ഡിക്ക്‌ രജിസ്റ്റർ ചെയ്ത കാഴ്‌ചയില്ലാത്ത ആളായിരുന്നു ടി പി വാസു മാസ്റ്റർ എന്ന പ്രത്യേകതയും ഉണ്ട്‌. കേരള ഫെഡറേഷൻ ഓഫ് ബ്ലൈന്റിന്റെ പ്രധാന പ്രവർത്തകനുമായിരുന്നു ടി പി വാസു. കാഴ്‌ചയില്ലാത്തവർക്കും പലതും സാധ്യമാകും എന്നതിന്റെ ഉദാഹരണമായിരുന്നു ടി പി വാസു. അദ്ദേഹത്തിന്റെ പിന്തുണ കൃഷ്ണന്റെ വിദ്യാഭ്യാസ ജീവിതത്തിന് പ്രധാന മുതൽക്കൂട്ടായിട്ടുണ്ട്. എട്ടാംതരം മുതൽ സാധാരണ സ്കൂളുകളിലേക്ക് വിദ്യാഭ്യാസം മാറി. സാധാരണ വിദ്യാർഥികൾക്കൊപ്പം സാധാരണ ക്ലാസ്സിൽ ഇരുന്നുള്ള പഠനമാണ് പിന്നീട് നടന്നത്.

1986ൽ ഫസ്റ്റ് ക്ലാസ്സോടെ എസ്‌ എസ്‌ എൽ സി വിജയിച്ചു. ഇപ്പോഴും പൂർവവിദ്യാർഥികളുമായും അന്നത്തെ അധ്യാപകരുമായും പ്രത്യേകിച്ച് സുബൈദ ടീച്ചർ, നിർമല ടീച്ചർ, ശാരദ ടീച്ചർ തുടങ്ങിയ എല്ലാവരോടും ആത്മബന്ധം കൃഷ്ണൻ തുടർന്ന് പോരുന്നുണ്ട്. തിരിച്ച് വയനാട്ടിലെത്തി സെൻമേരിസ് കോളജിൽ പി ഡിഗ്രിക്ക് ചേരുന്നു. മികച്ച നിലയിൽ പ്രീ ഡിഗ്രി പൂർത്തിയാക്കിയശേഷം വീണ്ടും ചുരമിറങ്ങി. ഫറോക്ക്‌ കോളജിൽ നിന്ന്‌ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. ജയന്തി, ശിഹാബ്, റസാക്ക്, മുനീർ, ഹകീം തുടങ്ങി അക്കാലത്തെ സുഹൃത്തുക്കളുടെ പ്രേരണയും പിന്തുണയും പഠനത്തിന്‌ മികവേകി. ഇവർ പുസ്തകങ്ങൾ വായിച്ചുകൊടുത്തത്‌ കേട്ടായിരുന്നു പഠനം. തുടർന്ന്‌ പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും സെന്റ്‌മേരീസ് കോളജിൽ നിന്ന് കരസ്ഥമാക്കി. 1995ൽ ഫാറൂഖ് കോളജിൽ നിന്ന്‌ അധ്യാപക പരിശീലനം പുർത്തിയാക്കി.

1996 ആഗസ്റ്റ് 19ന് എംപ്ലോയ്മെന്റ്‌ വഴി മീനങ്ങാടി ഹൈസ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഒരു വർഷം ഇവിടെ ഇംഗ്ലീഷ് അധ്യാപകനായി തുടർന്നു. പിന്നീട് അടുത്തവർഷവും ഇവിടെ ജോലി തുടരുന്നതിന് അന്നത്തെ കലക്ടറായിയിരുന്ന ബിശ്വാസ്‌ മേത്തയുടെ സഹായം ഉണ്ടായി. ആദിവാസി വിഭാഗത്തിൽ നിന്ന് 60 ശതമാനത്തിലധികം മാർക്ക് വാങ്ങി വിജയം നേടിയിട്ടുള്ള കാഴ്‌ചയില്ലാത്ത യുവാവ്‌ കലക്ടറെപ്പോലും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. അത്തരത്തിലുള്ള ഒരാൾക്ക് കൃത്യമായ ജോലി നൽകണമെന്ന ബോധ്യത്തിലാണ് കലക്ടർ ഇടപെട്ടത്. ഇതോടെ ജോലി സ്ഥിരമാകുന്ന സ്ഥിതിയുണ്ടായി. 1996 ജൂലൈയിൽ പ്ലസ്ടുവിലേക്ക് നിയമനം ലഭിച്ചു. 1997 ജൂലൈ മുതൽ മേപ്പയൂർ സ്കൂളിൽ ഹയർ സെക്കൻഡറി അധ്യാപകനായി. 1998ൽ വെള്ളമുണ്ടയിലും രണ്ടായിരത്തിൽ വീണ്ടും മീനങ്ങാടി എച്ച് എസ് എസിലും അധ്യാപകനായി പ്രവർത്തിച്ചു. തുടർന്ന്‌ ഒരു മാസം പ്രിൻസിപ്പലായി മീനങ്ങാടി എച്ച്‌ എസ്‌ എസിൽ പ്രവർത്തിച്ചു.

2002ൽ 32ാം വയസ്സിൽ വിവാഹിതനായി. പി എസ്‌ സിയിലുടെ കോഴിക്കോട് ലോ കോളജിൽ പൊളിറ്റിക്കൽ സയൻസ് അസ്സിസ്റ്റന്റ്പ്രൊഫസറായി നിയമനം ലഭിച്ചു. രണ്ട് വർഷം കോഴിക്കോട് ലോ കോളജിൽ തുടർന്നു. 2012 മുതൽ കൽപ്പറ്റ കോളജിൽ അസ്സോസിയേറ്റ് പ്രൊഫസറായി പ്രവർത്തിക്കുന്നു. 1979 മുതൽ കേരള ഫെഡറേഷൻ ഓഫ്‌ ബ്ലൈന്റിന്റെ പ്രവർത്തകനാണ്. സ്കൂൾ വിദ്യാഭ്യാസ കാലത്ത് മുതൽ ഫെഡറേഷന്റെ പ്രവർത്തനങ്ങളിൽ തുടങ്ങിയ ബന്ധവും സൗഹൃദവും ഇപ്പോഴും ആഴത്തിൽ സൂക്ഷിക്കാൻ കൃഷ്ണൻ മാഷ് സജീവമായ ശ്രദ്ധ പുലർത്തുന്നുണ്ട്. 1995ൽ ഫെഡറേഷന്റെ വയനാട് ജില്ലാ പ്രസിഡന്റായി. 2022 വരെ ഇത് തുടർന്നു.

ഇക്കാലഘട്ടത്തിലാണ് നടവയലിൽ കാഴ്ചാ പരിമിതർക്കായി പ്രത്യേക പരിചരണ കേന്ദ്രം നിർമിക്കപ്പെട്ടത്. 2023 മുതൽ ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ്‌.
കോളജിൽ അധ്യാപകനായി ചേർന്നതോടെയാണ് തന്റെയുള്ളിൽ എക്കാലവും ഉണ്ടായിരുന്ന ഡോക്ടറേറ്റ് നേടുക എന്ന ആഗ്രഹപൂർത്തീകരണത്തിലേക്ക് കൃഷ്ണൻ ഇറങ്ങിത്തിരിക്കുന്നത്. മൈസൂർ യൂനിവേഴ്സിറ്റിയിലെ സമ്പൂർണ കാഴ്ചാ പരിമിതനായ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോക്ടർ കൃഷ്ണൻ ഹമ്പാളിന്റെ നേതൃത്വത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്. 2016ലാണ് പി എച്ച് ഡിക്ക് രജിസ്റ്റർ ചെയ്തത്. കാഴ്ചാപരിമിതരുടെ ശാക്തീകരണത്തിൽ സന്നദ്ധ സംഘടനയുടെ പങ്ക് കേരള ഫെഡറേഷൻ ഓഫ് ബ്ലൈന്റിന്റെ നേതൃത്വത്തിൽ എന്ന വിഷയത്തിലാണ് ശ്രദ്ധേയമായ ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്. 2022ൽ പ്രബന്ധം യൂനിവേഴ്സിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു. 2022 ജൂലൈ 19ന് മൈസൂർ യൂനിവേഴ്സിറ്റി കൃഷ്ണൻ മൂതിമൂലക്ക് ഡോക്ടറേറ്റ് സമ്മാനിച്ചു.

2026 മാർച്ച് 31ന് 30 വർഷത്തെ സേവനത്തിനുശേഷം ഡോക്ടർ കൃഷ്ണൻ മൂതിമൂല അധ്യാപക ജീവിതത്തിൽ നിന്ന് വിരമിക്കും. എന്നാൽ, തന്റെ സാമൂഹിക ജീവിതവും സംസ്കാരിക ഇടപെടലുകളും തുടരുന്നതിനുള്ള പ്രവർത്തനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. താൻ ഉൾപ്പെടുന്ന ആദിവാസി വിഭാഗത്തിലെ കുറുമ സമുദായത്തിലെ ഉഷയെയാണ് വിവാഹം കഴിച്ചത്. ഇവർക്ക് ബിരുദധാരികളായ അതുൽ, അദ്വൈത് എന്നീ പേരിലുള്ള രണ്ട് മക്കളുണ്ട്. കെ എഫ്‌ ബിയുടെ ചരിത്രം രേഖപ്പെടുത്തുന്ന കാഴ്ചക്കപ്പുറം എന്ന പുസ്തകം തയ്യാറാക്കുന്ന പ്രവർത്തനത്തിലാണിപ്പോൾ കൃഷ്ണൻ എം മൂതിമൂല.

.

---- facebook comment plugin here -----