local body election 2025
ചെറുവത്തൂരിൽ പോരാട്ടം ഇഞ്ചോടിഞ്ച്
ഡോക്ടറും നിയമ വിദ്യാര്‍ഥിയുമായാണ് കൊമ്പുകോര്‍ക്കുന്നത്
ചെറുവത്തൂര്‍ | ഇടതുപക്ഷ പ്രതിനിധികളെ മാത്രം ജില്ലാ പഞ്ചായത്തില്‍ എത്തിച്ച പാരമ്പര്യമാണ് ചെറുവത്തൂര്‍ ഡിവിഷനുള്ളത്. വനിതാ സംവരണമുള്ള ഈ ഡിവിഷനില്‍ വിദ്യാസമ്പന്നരായ രണ്ട് യുവതികളാണ് ഇത്തവണ ഇടതിന്റെയും യു ഡി എഫിന്റെയും സ്ഥാനാര്‍ഥികള്‍. ഡോക്ടറും നിയമ വിദ്യാര്‍ഥിയുമായാണ് ഇവിടെ കൊമ്പുകോര്‍ക്കുന്നത്.
വിജയത്തില്‍ കുറഞ്ഞൊന്നും എല്‍ ഡി എഫിന്റെ അജന്‍ഡയിലില്ല. എന്നാല്‍ ഇത്തവണ ഈ ഡിവിഷന്‍ പിടിച്ചെടുക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കയാണ് യു ഡി എഫ്. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ചെമ്പ്രകാനം മുണ്ട സ്വദേശിനിയും ആയുര്‍വേദ ഡോക്ടറുമായ ഡോ. സറീനാ സലാമാണ് ഇത്തവണ ഇടതുസ്ഥാനാര്‍ഥി. അവസാന വര്‍ഷ നിയമ വിദ്യാര്‍ഥിനി മാണിയാട്ടെ വി എം സാന്ദ്രയാണ് യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സര രംഗത്തുള്ളത്. കുടുംബശ്രീ എ ഡി എസ് ആയ തൃക്കരിപ്പൂര്‍ ചെറുകാനത്തെ ടി ഷീബയും ബി ജെ പി ടിക്കറ്റില്‍ മത്സര രംഗത്തുണ്ട്.
ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ് (ഒരു വാര്‍ഡ് ഒഴികെ) പഞ്ചായത്തുകളും കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ക്ലായിക്കോട്, മുഴക്കോം, വലിയപൊയില്‍ തുടങ്ങിയ വാര്‍ഡുകളും ഉള്‍പെടുന്നതാണ് ചെറുവത്തൂര്‍ ഡിവിഷന്‍. ചെറുവത്തൂരും വലിയപറമ്പും എല്‍ ഡി എഫും പടന്ന യു ഡി എഫുമാണ് ഭരിക്കുന്നത്. നിലവില്‍ ചെറുവത്തൂരില്‍ 17 വാര്‍ഡുകളില്‍ 12ഉം പടന്നയില്‍ 15 വാര്‍ഡുകളില്‍ ആറും വലിയപറമ്പില്‍ 13 വാര്‍ഡുകളില്‍ എട്ടും എല്‍ ഡി എഫിന്റെ കൈയിലാണ്. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലും എല്‍ ഡി എഫാണ്. കൂടാതെ ഇത്തവണ മൂന്ന് പഞ്ചായത്തുകളിലുമായി ഓരോ വാര്‍ഡുകള്‍ വീതം വര്‍ധിച്ചിട്ടുണ്ട്. ക്ലായിക്കോട്, ചെറുവത്തൂര്‍, തുരുത്തി, പടന്ന, ഉദിനൂര്‍, വലിയപറമ്പ് എന്നീ ബ്ലോക്ക് ഡിവിഷനുകള്‍ ഉള്‍പെടുന്നതാണ് ജില്ലാ പഞ്ചായത്ത് ചെറുവത്തൂര്‍ ഡിവിഷന്‍. പ്രദേശത്തിന്റ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞാണ് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. എന്നാല്‍, ചെറുവത്തൂര്‍ ഡിവിഷന്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് യു ഡി എഫ് പോരാട്ടം കടുപ്പിക്കുന്നത്.


