National
രാജ്യം ഭരിക്കുന്നത് ഭരണഘടനാപരമായി ഏറ്റവും അധാര്‍മികത നിറഞ്ഞ സര്‍ക്കാര്‍; പ്രതിപക്ഷത്തെ തകര്‍ക്കാന്‍ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നു: കപില്‍ സിബല്‍
'കേസില്‍ അകപ്പെട്ട് 30 ദിവസം തടവില്‍ കഴിഞ്ഞാല്‍ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പദവികളില്‍ നിന്നും നീക്കാമെന്ന് നിര്‍ദേശിക്കുന്ന ബില്‍ ഇതിന്റെ അവസാനത്തെ ഉദാഹരണം.'
ന്യൂഡല്‍ഹി | രാജ്യചരിത്രത്തിലെ തന്നെ ഭരണഘടനാപരമായി ഏറ്റവും അധാര്‍മികത നിറഞ്ഞ സര്‍ക്കാരാണ് ബി ജെ പി നേതൃത്വത്തില്‍ കേന്ദ്രം ഭരിക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാ എം പിയുമായ കപില്‍ സിബല്‍. പ്രതിപക്ഷത്തെ തകര്‍ക്കുക ലക്ഷ്യം വച്ച് മോദി സര്‍ക്കാര്‍ രാജ്യത്തെ നിയമങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. കേസില്‍ അകപ്പെട്ട് 30 ദിവസം തടവില്‍ കഴിഞ്ഞാല്‍ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പദവികളില്‍ നിന്നും നീക്കാമെന്ന് നിര്‍ദേശിക്കുന്ന ബില്‍ ഇതിന്റെ അവസാനത്തെ ഉദാഹരണമാണെന്നും സിബല്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.
വിവാദ ബില്ലുകള്‍ കൊണ്ടുവന്ന സന്ദര്‍ഭം ഏറെ അതിശയകരമാണ്. ബി എന്‍ എസിന്റെ പുതിയ നിയമങ്ങള്‍ പ്രകാരം, പോലീസ് കസ്റ്റഡി ഇപ്പോള്‍ 60 അല്ലെങ്കില്‍ 90 ദിവസത്തേക്ക് നീട്ടാം. അത് പ്രയോജനപ്പെടുത്തി നടപടി സ്വീകരിക്കുന്ന രൂപത്തിലാണ് പുതിയ ബില്‍ ആസൂത്രണം ചെയ്തത്.
ബിഹാറില്‍ തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം മാറിയിരിക്കുന്നു എന്ന് മനസ്സിലാക്കിയതിനാലാണ് ജനശ്രദ്ധ തിരിച്ചുവിടാന്‍ ബി ജെ പി സര്‍ക്കാര്‍ വിവാദ ബില്ലുകള്‍ കൊണ്ടുവന്നത്. കേന്ദ്രത്തിലെയോ സംസ്ഥാനങ്ങളിലെയോ ബി ജെ പി സര്‍ക്കാരുകളിലെ ഒരു മന്ത്രിയെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍, ഇതര സര്‍ക്കാരുകളിലെ മന്ത്രിമാരെ പലരെയും അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യുകയാണ്. വിചാരണ കോടതികള്‍ എന്തുകൊണ്ട് ഇവര്‍ക്ക് ജാമ്യം നല്‍കുന്നില്ലെന്ന് സുപ്രീം കോടതി പോലും ചോദിക്കുന്ന സ്ഥിതിയുണ്ടായി.
ബില്‍ അവതരിപ്പിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ ഭരണഘടനാ ധാര്‍മികതയെക്കുറിച്ച് പ്രസംഗിച്ചു. എന്നാല്‍, ഭരണഘടനാ ധാര്‍മികതയ്ക്ക് അവരുടെ സ്വന്തം ധാര്‍മികതയുമായി യാതൊരു ബന്ധവുമില്ലെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.


