Prathivaram
ഷൂട്ടൗട്ടിന്റെ സൗന്ദര്യം; ഫുട്ബോളിന്റെയും
നോവലിലെ പ്രധാന കഥാപാത്രമായ അർജുനോടൊപ്പം നമ്മൾ തോണ്ടിയെടുക്കുന്ന ഇത്തരം പുരാവൃത്തങ്ങൾ പ്രധാനപ്പെട്ട മറ്റു ചില കാര്യങ്ങൾ കൂടി ഓർമിപ്പിക്കുന്നുണ്ട്. ഫുട്ബോളിന് ഇന്ന് കാണുന്ന ഗ്ലാമറും പണക്കൊഴുപ്പും കൈവന്നത് ഒത്തിരി മനുഷ്യരുടെ ത്യാഗങ്ങളും വേദനകളും കൊണ്ട് കൂടിയാണെന്നതാണ് അത്. മറവിയിലേക്ക് മറയുന്ന ഇത്തരം പുരാവൃത്തങ്ങൾ കൂടി ചേർത്തുവായിക്കുമ്പോഴാണ് ഫുട്ബോളിന്റെ സൗന്ദര്യം പൂർണമാകുന്നത്; ഷൂട്ടൗട്ട് എന്ന നോവലും.

മലയാള സാഹിത്യത്തിന് അത്രയധികം പരിചയമില്ലാത്ത വഴിയിലൂടെയാണ് രമേശൻ മുല്ലശ്ശേരി നമ്മളെ “ഷൂട്ടൗട്ട് ” എന്ന നോവലിന്റെ വായനയിലേക്ക് ക്ഷണിക്കുന്നത്. നാട്ടിൻപുറത്ത് നടക്കാറുള്ള ഫുട്ബോൾ ടൂർണമെന്റ് കണ്ടിറങ്ങിയത് പോലുള്ള അനുഭവമാണ് ആദ്യഘട്ടത്തിൽ വായന തരിക. പക്ഷേ, അതിനുമപ്പുറം ഗൗരവമായ ചിലത് കൂടി ഷൂട്ടൗട്ട് സമ്മാനിക്കുന്നില്ലേ എന്ന് പിന്നീടാകും ചിന്തിക്കുക.
മലയാളത്തിലെ ആദ്യത്തെ സ്പോർട്സ് ത്രില്ലർ എന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ ഷൂട്ടൗട്ട് എന്ന നോവൽ കാൽപ്പന്തു കളിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. കളിക്കളത്തിലെ ആരവങ്ങൾക്കൊപ്പം വായനക്കാരനെ ഇരുണ്ട ചില ഇടങ്ങളിലേക്കെത്തിക്കാൻ നോവലിസ്റ്റിന് കഴിയുന്നുണ്ട്; ഇരുണ്ട കാഴ്ചകൾ തെളിമയോടെ കാട്ടിത്തരാനും.
കേരളത്തിലും കൊൽക്കത്തയിലുമായിട്ടാണ് നോവലിന്റെ ഭൂമിക പരന്നു കിടക്കുന്നത്. കഥാപാത്രങ്ങളുടെ(വായനക്കാരുടെയും ) മാനസികവ്യാപാരങ്ങൾക്കനുസരിച്ച് ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്ന സ്ഥലകാലങ്ങൾ കൂടിയാണത്.
രണ്ട് ഫുട്ബോൾ മാച്ചുകൾ. അതിനിടയിൽ നടക്കുന്ന വാതുവെയ്പ്പുകൾ, രാഷ്ട്രീയം, പ്രണയം, പക എന്നിങ്ങനെയുള്ള വിഷയങ്ങൾക്കൊപ്പം ലോക ഫുട്ബോളിന്റെ പുരാവൃത്തങ്ങളിൽ ചിലത് ഒട്ടും മുഴച്ച് നിൽക്കാതെ നോവലിൽ വിളക്കിച്ചേർത്തിട്ടുണ്ട്.
ഹിറ്റ്്ലറാൽ കീഴടക്കപ്പെട്ട ശേഷം ജർമനിയുമായി സൗഹൃദ(?)മത്സരത്തിൽ കളിക്കുന്ന ഓസ്ട്രിയൻ ടീമിന്റെ ആത്മസംഘർഷം, അഭിമാനബോധം. നേടുന്ന ഗോളുകൾ വിജയത്തിനൊപ്പം മരണം കൂടി സമ്മാനിക്കുമെന്നുറപ്പുണ്ടായിട്ടും പിന്മാറാൻ കൂട്ടാക്കാത്ത അവരുടെ ധീരത.
ജർമൻ സൈനികരുടെ തോക്കിന് മുന്നിൽ അവരുടെ ആജ്ഞക്കനുസരിച്ച് കളിക്കേണ്ടി വന്ന കീവ് ടീമിന്റെ ദൈന്യത. പട്ടിണിക്കിട്ടിട്ടും തല്ലിച്ചതച്ചിട്ടും ആത്മാഭിമാനത്തിന്റെ അവസാന പ്രതീക്ഷകൾ ഗോളുകളാക്കി പറത്താൻ അവർക്ക് കഴിഞ്ഞു.
ഫുട്ബോൾ വെറും കളി മാത്രമല്ലെന്നും അത് പലരുടെയും ആത്മാഭിമാനത്തിന്റെ പ്രതീകമാണെന്നും “ഷൂട്ടൗട്ട് ‘ നമ്മളെ ഓർമപ്പെടുത്തുന്നു.
നോവലിലെ പ്രധാന കഥാപാത്രമായ അർജുനോടൊപ്പം നമ്മൾ തോണ്ടിയെടുക്കുന്ന ഇത്തരം പുരാവൃത്തങ്ങൾ പ്രധാനപ്പെട്ട മറ്റു ചില കാര്യങ്ങൾ കൂടി ഓർമിപ്പിക്കുന്നുണ്ട്. ഫുട്ബോളിന് ഇന്ന് കാണുന്ന ഗ്ലാമറും പണക്കൊഴുപ്പും കൈവന്നത് ഒത്തിരി മനുഷ്യരുടെ ത്യാഗങ്ങളും വേദനകളും കൊണ്ട് കൂടിയാണെന്നതാണ് അത്. മറവിയിലേക്ക് മറയുന്ന ഇത്തരം പുരാവൃത്തങ്ങൾ കൂടി ചേർത്തുവായിക്കുമ്പോഴാണ് ഫുട്ബോളിന്റെ സൗന്ദര്യം പൂർണമാകുന്നത്; ഷൂട്ടൗട്ട് എന്ന നോവലും.
ഫുട്ബോളിനെ പറ്റി കാര്യമായൊന്നും അറിയാത്തവർക്ക് പോലും വായിച്ചു പോകാൻ കഴിയുന്ന വിധത്തിലാണ് നോവലിന്റെ ഭാഷയും ആഖ്യാനവും. കേരളത്തിൽ നിന്ന് ബംഗാളിലേക്ക് ദൂരമൊത്തിരിയുണ്ടെങ്കിലും മാനസികമായി ഒത്തിരി അടുത്തവരാണല്ലോ നമ്മൾ. ബംഗാളി സാഹിത്യവും സിനിമയും ശോഷിച്ച് ശോഷിച്ച് പോകുന്ന ഇക്കാലത്ത് അതിന്റെ പ്രൗഢമായ പഴമയെ കുറിച്ച് അറിയാതെയെങ്കിലും ഓർത്തു പോകാൻ ഈ നോവൽ കാരണമായതും കൗതുകമുണ്ടാക്കി. കളിക്കളത്തിൽ നിന്ന് അബദ്ധത്തിൽ പുറത്തേക്ക് തെറിച്ച പന്തുപോലെയായിരുന്നു ആ മാനസിക സഞ്ചാരം. പ്രസാധകർ മാതൃഭൂമി ബുക്സ്. വില 210 രൂപ.