Connect with us

cover story

ആ ഓർമപ്പെടുത്തൽ

അധികാരം നിലനിർത്തുന്നതിനു വേണ്ടി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് ബ്രിട്ടീഷുകാർ പുലർത്തിയതെങ്കിൽ അതേ ആശയത്തിന്റെ പിൻതുടർച്ചക്കാരെയാണ് ഇന്നും കാണുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പുണ്ടാക്കുന്ന വിചാരധാരയാണ് ഇന്നത്തെ ഭരണാധികാരികളെയും നയിക്കുന്നത്. അതിനായി അവർ കണ്ടെത്തുന്ന മാർഗം ഗാന്ധി ഉൾപ്പെടെയുള്ള ചരിത്ര പുരുഷന്മാരെ അവഗണിക്കുക എന്നതാണ്. പക്ഷേ, അവഗണിക്കും തോറും പുതിയ തലമുറക്ക് വേണ്ടി നമ്മൾ ഓർമപ്പെടുത്തിക്കൊണ്ടിരിക്കണം. ലോകത്തിനൊരു പാഠപുസ്​തകമാണ്​ ഗാന്ധിജിയുടെ ജീവിതം. വളർന്നുവരുന്ന തലമുറ തീർച്ചയായും അറിഞ്ഞിരിക്കണം ആ മഹാത്മാവ് ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ. ആഗോളതലത്തിൽ ഇത്രയേറെ ആദരിക്കപ്പെടുന്ന ഒരു രാഷ്​ട്രീയ നേതാവില്ലെന്ന്​ നിസ്സംശയം പറയാം.

Published

|

Last Updated

ഡൗണിങ് സ്ട്രീറ്റിൽ നിന്ന് ആറായിരം നാഴിക ദൂരെ, ബംഗാൾ ഉൾക്കടലിന് മേലെയായി, ഗംഗാനദീതടത്തിലെ ഒരു ഗ്രാമത്തിൽ, ഒരു കർഷകന്റെ കുടിലിൽ മണ്ണു മെഴുകിയ നിലത്ത് പ്രായം ചെന്ന ഒരാൾ നീണ്ടുനിവർന്നു കിടന്നിരുന്നു. ഉച്ചയ്ക്ക് കൃത്യം 12 മണിയായിരുന്നു അപ്പോൾ. ആ സമയത്ത് എന്നും ചെയ്യാറുള്ളതുപോലെ, അന്നും തന്റെ സഹായി നീട്ടിപ്പിടിച്ച നനഞ്ഞ തുണിസഞ്ചിക്കായി അദ്ദേഹം കൈനീട്ടി. ആ സഞ്ചിയുടെ സുഷിരമാർന്ന മടക്കുകളിൽ നിന്ന് കറുത്ത ചെളി പുറത്തു വന്നുകൊണ്ടിരുന്നു. വൃദ്ധൻ ശ്രദ്ധാപൂർവം ആ സഞ്ചി തന്റെ ഉദരത്തിന്മേൽ അമർത്തി, കുറേക്കൂടി ചെറിയ രണ്ടാമതൊരു സഞ്ചിയെടുത്ത് അദ്ദേഹം തലയിലും പറ്റിച്ചുവെച്ചു.

അദ്ദേഹം ആ നിലത്ത് അങ്ങനെ കിടക്കുമ്പോൾ ദുർബലനായ ചെറിയൊരു ജീവിയാണെന്നേ തോന്നൂ. പക്ഷേ, അതൊരു തെറ്റിദ്ധാരണയാണ്. കളിമണ്ണു പൂശിയതിനടിയിൽ നിന്നു പുഞ്ചിരി പൊഴിക്കുന്ന ആ എഴുപത്തിയെട്ടുകാരൻ ജീവിച്ചിരിപ്പുള്ള മറ്റാരേക്കാളുമധികം ബ്രിട്ടീഷ് സാമ്രാജ്യതടത്തിന്റെ അടിത്തറയിളക്കുന്നതിനുവേണ്ടി പ്രവർത്തിച്ച വ്യക്തിയത്രേ. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നല്കാനുള്ള മാർഗം കണ്ടെത്തുന്നതിനുവേണ്ടി വിക്ടോറിയാ രാജ്ഞിയുടെ പ്രപൗത്രനെ ന്യൂഡൽഹിയിലേക്കയയ്ക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി നിർബദ്ധനായതിനു കാരണക്കാരൻ അദ്ദേഹമാണ്, മോഹൻദാസ് കരംചന്ദ് ഗാന്ധി അസാധാരണനായ ഒരു വിപ്ലവകാരിയായിരുന്നു. ലോകത്തിലെ അനന്യസാധാരണമായ വിമോചന പ്രസ്ഥാനത്തിന്റെ സൗമ്യനായ പ്രവാചകൻ…
(സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ )

ഒരോ ഇന്ത്യക്കാരനും എത്ര പറഞ്ഞാലും മതിവരാത്ത പേര്, എത്ര വാഴ്ത്തിയാലും വാക്കുകൾക്ക് അവസാനമില്ലാത്ത നാമം അതാണ് ഗാന്ധിജി. മെലിഞ്ഞ ആകാരത്തിലും നീക്കങ്ങളുടെ നൈസർഗിക പ്രഭാവത്തിലും നേതാവായ മഹാൻ. അദ്ദേഹം നയിച്ച വഴികളിലൂടെ ഇന്ത്യ നീങ്ങിയപ്പോൾ അതൊരു ചരിത്രത്തുടക്കമായിരുന്നു. അനുയായികൾക്ക് ഋഷിവര്യനായിരിക്കുമ്പോൾ എതിരാളികൾക്ക് തങ്ങളുടെ അധികാരത്തിന്റെ ഗർവിന് അവസാനം കുറിക്കാൻ എത്തിയ മനുഷ്യൻ, അതായിരുന്നു ഗാന്ധിജി. തന്റെ ജീവിതമാണ് തന്റെ സന്ദേശമെന്ന ആപ്തവാക്യത്തിലൂടെ ആധുനിക വാർത്താ വിനിമയോപാധികളൊന്നുമില്ലാത്ത ഒരു രാഷ്ട്രത്തിൽ അദ്ദേഹത്തിന്റെ സന്ദേശം ആഴത്തിലിറങ്ങിച്ചെന്നു. ഇന്ത്യയുടെ ആത്മാവിനോട് നേരിട്ടു സംസാരിക്കാനുള്ള പ്രത്യേക ശക്തി വിശേഷണമായിരുന്നു ഗാന്ധിജിയുടെ പ്രത്യേകത. തികച്ചും പുതുമയുള്ള അദ്ദേഹത്തിന്റെ രീതികളിലൂടെ മഹാത്മാവിന്റെ ദർശനം അനുയായികളിലൂടെ ഇന്ത്യ മുഴുവൻ പടർന്നു.
ബ്രിട്ടീഷ്‌ കോളനിവാഴ്‌ച അവസാനിപ്പിച്ച്‌ രാജ്യം സ്വാതന്ത്ര്യം നേടിയെടുക്കുന്നതിൽ പ്രധാന ചാലകശക്തിയായത്‌ മഹാത്മാ ഗാന്ധിയുടെ നേതൃത്വപരമായ പങ്കാണ്‌. ദേശീയ പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. പക്ഷേ, ഈ ഘട്ടത്തിലും പല കൈവഴികളിലായി സ്വാതന്ത്ര്യത്തിനായി രക്തരൂഷിത സമരങ്ങള്‍ അരങ്ങേറി.

1915 ജനുവരി ഒമ്പതിനാണ്‌ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽനിന്ന്‌ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്‌. ഗോപാലകൃഷ്ണ ഗോഖലെയുടെ നിർദേശപ്രകാരം ഗാന്ധിജി ഭാരതപര്യടനം നടത്തി. ഇതാണ്‌ പുതിയ ദിശാബോധത്തോടെയുള്ള സ്വാതന്ത്ര്യസമര കർമപദ്ധതികൾക്ക് വഴിയൊരുക്കിയത്‌. അഹമ്മദാബാദിലെ കൊച്ച്റാബിൽ 1915 മെയ് 25ന് അദ്ദേഹം സത്യഗ്രഹ ആശ്രമം സ്ഥാപിച്ചു. 1917 ജൂൺ 17ന്‌ ഇത്‌ സബർമതി തീരത്തേക്ക്‌ മാറ്റി. സത്യഗ്രഹം, നിരാഹാരം, നിസ്സഹകരണം, ബഹിഷ്‌കരണം, നിയമലംഘനം എന്നിവയിലൂന്നിയ ഗാന്ധിയൻ സമരമുറകളിലൂടെ സ്വാതന്ത്ര്യ സമരം കരുത്താർജിച്ചു. 1917 ഏപ്രിൽ 16ന് ബിഹാറിലെ ചമ്പാരൻ ജില്ലയിൽ , തോട്ടംതൊഴിലാളികളെ ബ്രിട്ടീഷ് കരാർ വ്യവസ്ഥയനുസരിച്ചുള്ള അടിമത്തത്തിൽനിന്ന് മോചിപ്പിക്കാൻ നടത്തിയ സമരത്തിൽ ഗാന്ധിജി ഇന്ത്യയിൽവെച്ച് ആദ്യമായി അറസ്റ്റിലായി. റൗലക്ട്‌ ആക്ടിനെതിരെ 1919 മാർച്ച് 30ന് ഹർത്താൽ നടത്താനുള്ള ഗാന്ധിജിയുടെ ആഹ്വാനമാണ്‌ നിസ്സഹകരണ സമരത്തിന്റെ തുടക്കം. ഡൽഹിയിലേക്ക് പോയ ഗാന്ധിജിയെ നിരോധനാജ്ഞ ലംഘിച്ചു എന്ന പേരിൽ ഏപ്രിൽ 10ന് അറസ്റ്റ് ചെയ്തു. അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ത്യയെങ്ങും ഹർത്താൽ നടന്നു.

1919 ഏപ്രിൽ 13ന്‌ ജാലിയൻ വാലാബാഗിൽ സമരക്കാ‍രെ ജനറൽ ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ്‌ സൈന്യം കൂട്ടക്കൊല ചെയ്‌തു. ഏപ്രിൽ 18ന് നിയമ ലംഘന സമരം താത്കാലികമായി നിർത്തിവെച്ചു. 1922 ഫെബ്രുവരി നാലിന്‌ ഉത്തർപ്രദേശിലെ ചൗരിചൗരയിൽ ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‌ തീയിട്ടു. നിരവധി പൊലീസുകാർ കൊല്ലപ്പെട്ടു. ഇതോടെ ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തി. പല തലങ്ങളിൽ ബ്രിട്ടീഷുകാരുമായി ചർച്ച തുടർന്നു. 1930ലെ ഉപ്പ് സത്യഗ്രഹം വൻ വിജയമായി. തുടർന്നു നടന്ന വട്ടമേശ സമ്മേളനം പരാജയപ്പെട്ടു. ഇതിനിടെ രാജ്യത്തിന്റെ പല ഭാഗത്തും സമരത്തിന്റെ രൂപം മാറിക്കൊണ്ടിരുന്നു. ബ്രിട്ടീഷുകാരുടെ കടുത്ത മർദനങ്ങളെ സമാധാനപരമായി നേരിടാനാകില്ലെന്ന കോൺഗ്രസിൽ ഉയർന്ന അഭിപ്രായത്തോട്‌ ഗാന്ധിജി യോജിച്ചില്ല. അക്രമസമരങ്ങളെ അനകൂലിക്കുന്ന രീതിയിൽ പ്രവർത്തക സമിതി യോഗം 1934 സെപ്‌തംബർ ഒന്നിന് പ്രമേയം പാസാക്കി. ഇതിൽ പ്രതിഷേധിച്ച്‌ ഒക്ടോബർ 29ന് കോൺഗ്രസ് പാർട്ടി വിട്ടതായി ഗാന്ധിജി പ്രഖ്യാപിച്ചു. 1942ലെ ക്വിറ്റിന്ത്യാ സമരം ഗാന്ധിജിയുടെ ജീവിതത്തിലെ വഴിത്തിരിവായി. സമരം ആക്രമണങ്ങളിലേക്ക്‌ നീങ്ങി. അപ്പോഴേക്കും കോൺഗ്രസിൽ ഗാന്ധിജിയുടെ സ്വാധീനം കുറഞ്ഞുവന്നു. അവിഭക്ത ഇന്ത്യക്കുവേണ്ടി ശക്തമായി നിലകൊണ്ട ഗാന്ധിജി 1947 ആഗസ്റ്റിൽ സ്വാതന്ത്ര്യനേട്ടത്തിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനു പകരം വർഗീയ കലാപം പടർന്ന മേഖലയിൽ സമാധാന സന്ദേശവുമായി സഞ്ചരിക്കുകയായിരുന്നു.
വ്യക്തമായ ദിശാബോധം

രാജ്യം 76-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു കഴിഞ്ഞ ഈ സമയത്ത് ഒരുപാട് ഓർമപ്പെടുത്തലുകളും മുന്നറിയിപ്പും വേണ്ടിവരുന്നു. ഗാന്ധി എന്നത് ഒരു വ്യക്തിയുടെ പേര് മാത്രമല്ല. ഒരു ആശയ സമരത്തിന്റെ പ്രതീകം കൂടിയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരം നയിച്ച വ്യക്തി എന്ന നിലക്ക് മാത്രമല്ല, ഭാരത ജനതക്ക് വ്യക്തമായ ദിശാബോധവും ധാർമിക ശക്തിയും പകർന്നു നൽകിയ അതുല്യനായ കർമയോഗിയാണ് ഗാന്ധിജി. അതുകൊണ്ട് തന്നെ ഗാന്ധി സ്മരണക്ക് സമകാലീന രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. രണ്ട് നൂറ്റാണ്ടുകളോളം നമ്മെ അടക്കിഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽനിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സുദീർഘ സമരത്തിന്റെ ഫലമായാണ്. അധികാരം നിലനിർത്തുന്നതിനു വേണ്ടി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് ബ്രിട്ടീഷുകാർ പുലർത്തിയതെങ്കിൽ അതേ ആശയത്തിന്റെ പിൻതുടർച്ചക്കാരെയാണ് ഇന്നും കാണുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പുണ്ടാക്കുന്ന വിചാരധാരയാണ് ഇന്നത്തെ ഭരണാധികാരികളെയും നയിക്കുന്നത്. അതിനായി അവർ കണ്ടെത്തുന്ന മാർഗം ഗാന്ധി ഉൾപ്പെടെയുള്ള ചരിത്ര പുരുഷന്മാരെ അവഗണിക്കുക എന്നതാണ്. പക്ഷേ, അവഗണിക്കും തോറും പുതിയ തലമുറക്ക് വേണ്ടി നമ്മൾ ഓർമപ്പെടുത്തിക്കൊണ്ടിരിക്കണം. ലോകത്തിനൊരു പാഠപുസ്​തകമാണ്​ ഗാന്ധിജിയുടെ ജീവിതം. വളർന്നുവരുന്ന തലമുറ തീർച്ചയായും അറിഞ്ഞിരിക്കണം അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ. ആഗോളതലത്തിൽ ഇത്രയേറെ ആദരിക്കപ്പെടുന്ന ഒരു രാഷ്​ട്രീയ നേതാവില്ലെന്ന്​ നിസ്സംശയം പറയാം. ഗാന്ധിജിയുടെ ആദർശങ്ങളും ഗാന്ധിസവും പാടെ തള്ളിക്കളയുമ്പോൾ ഒരു തവണയെങ്കിലും അതിന്റെ അന്തസ്സത്ത അറിയാൻ പുതുതലമുറ ശ്രമിക്കണം.
.

---- facebook comment plugin here -----

Latest