Kerala
ബസ് ടെര്‍മിനലിന്റെ ശുചിമുറിയില്‍ യാത്രക്കാരി മരിച്ച നിലയില്‍
തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്കുള്ള സൂപ്പര്‍ ഫാസ്റ്റില്‍ യാത്ര ചെയ്ത വാസന്തി (68)ആണ് മരിച്ചത്.
തിരുവല്ല | കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനലിന്റെ ശുചിമുറിയില്‍ യാത്രക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്കുള്ള സൂപ്പര്‍ ഫാസ്റ്റില്‍ യാത്ര ചെയ്ത വാസന്തി (68)ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം. വാഹനം തിരുവല്ല ടെര്‍മിനലില്‍ പ്രവേശിച്ച ശേഷം കണ്ടക്ടറോട് പറഞ്ഞ ശേഷമാണ് യാത്രക്കാരി ശുചിമുറിയിലേക്ക് പോയത്. എന്നാല്‍ കാല്‍മണിക്കൂര്‍ കഴിഞ്ഞിട്ടും ഇവര്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ഒരു ശുചിമുറിയുടെ കതക് അകത്ത് നിന്ന് അടച്ച നിലയില്‍ കാണപ്പെട്ടത്.
ബസ് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ടെര്‍മിനലിലെ ശുചീകരണ പ്രവൃത്തി ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ എത്തിയാണ് കതക് തുറന്നത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ തിരുവല്ല പോലീസിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.


