Connect with us

Kerala

കൊച്ചി മേയര്‍: ദീപ്തി മേരി വര്‍ഗീസ് ഇടഞ്ഞുതന്നെ; അനുനയിപ്പിക്കാന്‍ ഊര്‍ജിത നീക്കം

മേയറെ തീരുമാനിച്ച വിവരം ആരും തന്നെ ഔദ്യോഗികമായി അറിയിച്ചില്ലെന്ന് ദീപ്തി.സാമുദായിക-ഗ്രൂപ്പ് സമവാക്യങ്ങളാണ് ദീപ്തിക്ക് തിരിച്ചടിയായതെന്നാണ് സൂചന.

Published

|

Last Updated

തിരുവനന്തപുരം | കൊച്ചി മേയര്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി. പദവിയിലേക്ക് ദീപ്തി മേരി വര്‍ഗീസിനെ തഴഞ്ഞതിലാണ് കലാപം ആരംഭിച്ചിരിക്കുന്നത്. പുതിയ മേയറായി ആദ്യ രണ്ടര വര്‍ഷം വി കെ മിനിമോളെയും പിന്നീടുള്ള കാലാവധിയിലേക്ക് ഷൈനി മാത്യുവിനെയും എറണാകുളം ഡി സി സി കോര്‍ കമ്മിറ്റി യോഗം തിരഞ്ഞെടുത്തതോടെയാണ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ന്നത്. മേയറെ തീരുമാനിച്ചതോടെ കോണ്‍ഗ്രസ്സിനുള്ളിലെ പടലപ്പിണക്കം മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

മേയര്‍ തിരഞ്ഞെടുപ്പില്‍ അതൃപ്തി പരസ്യമാക്കി ദീപ്തിയും നേതാക്കളും രംഗത്തുവന്നിട്ടുണ്ട്.
ഇടഞ്ഞു നില്‍ക്കുന്ന ദീപ്തിയെ അനുനയിപ്പിക്കാന്‍ പാര്‍ട്ടിയില്‍ ശക്തമായ ശ്രമങ്ങള്‍ നടന്നുവരികയാണ്. സാമുദായിക-ഗ്രൂപ്പ് സമവാക്യങ്ങളാണ് ദീപ്തിക്ക് തിരിച്ചടിയായതെന്നാണ് സൂചന. മേയറെ തീരുമാനിച്ച വിവരം ആരും തന്നെ ഔദ്യോഗികമായി അറിയിച്ചില്ലെന്ന് ദീപ്തി പറഞ്ഞു.

മേയര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മാനദണ്ഡങ്ങള്‍ അട്ടിമറിച്ചെന്ന് ആരോപിച്ച് ദീപ്തി കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫിന് ഇന്നലെ പരാതി നല്‍കിയിരുന്നു. തന്നെ ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രഹസ്യ വോട്ടെടുപ്പ് നടത്തിയില്ല, ജില്ലക്ക് പുറത്ത് നിന്നുള്ള നേതാക്കള്‍ വോട്ടെടുപ്പിന് എത്തിയില്ല, ഡി സി സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അടക്കമുള്ളവര്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളും ദീപ്തി ഉയര്‍ത്തിയിട്ടുണ്ട്.

കെ പി സി സിയുടെ നിരീക്ഷകന്‍ കൗണ്‍സിലര്‍മാരുടെ അഭിപ്രായം കേള്‍ക്കണമെന്നും കൗണ്‍സിലര്‍മാരില്‍ കൂടുതല്‍ പേര്‍ അനുകൂലിക്കുന്നയാളെ മേയറാക്കണം എന്നുമാണ് പാര്‍ട്ടി സര്‍ക്കുലറിലെ നിലപാട്. എന്നാല്‍, ഗ്രൂപ്പ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷനും എന്‍ വേണുഗോപാലുമാണ് കൗണ്‍സിലര്‍മാരുടെ അഭിപ്രായം കേട്ടതെന്നും ഇവര്‍ പുറത്ത് പറഞ്ഞ കണക്ക് അവിശ്വസിനീയമാണെന്നും ദീപ്തി മേരി വര്‍ഗീസ് പരാതിയില്‍ പറഞ്ഞു.

 

Latest