Connect with us

National

പശ്ചിമ ബംഗാളിൽ എസ് ഐ ആർ നടപടിക്രമങ്ങൾ ഒരാഴ്ചത്തേക്ക് നീട്ടി നൽകി സുപ്രിം കോടതി

വോട്ടർ പട്ടിക പുതുക്കുന്ന പ്രക്രിയയിൽ തടസ്സങ്ങൾ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ്

Published

|

Last Updated

ന്യൂഡൽഹി | പശ്ചിമ ബംഗാളിൽ എസ് ഐ ആർ നടപടിക്രമങ്ങൾ ഒരാഴ്ചത്തേക്ക് നീട്ടി നൽകി സുപ്രിം കോടതി. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്നതിനും ആക്ഷേപങ്ങൾ പരിഹരിക്കുന്നതിനുമുള്ള സമയപരിധിയാണ് ഫെബ്രുവരി 14-ന് ശേഷം ഒരാഴ്ച കൂടി നീട്ടാൻ സുപ്രീം കോടതി നിർദേശം നൽകിയത്. ഫെബ്രുവരി 14-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് എൻ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വോട്ടർ പട്ടിക പുതുക്കുന്ന നടപടികൾ അക്രമവും ഭീഷണിയും മൂലം തടസ്സപ്പെടുന്നു എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ മറുപടി നൽകാൻ പശ്ചിമ ബംഗാൾ ഡി ജി പി യോട് കോടതി നിർദ്ദേശിച്ചു. വോട്ടർ പട്ടിക പുതുക്കുന്ന പ്രക്രിയയിൽ തടസ്സങ്ങൾ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സംസ്ഥാനത്ത് ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വോട്ടർ പട്ടിക പുതുക്കുന്നത് പക്ഷപാതപരമായും ധൃതിയിലുമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനർജി നൽകിയ ഹർജിയടക്കമുള്ളവ പരിഗണിച്ചാണ് കോടതി നടപടി. പ്രക്രിയ സുഗമമാക്കുന്നതിന് സംസ്ഥാനത്തെ 8,550 ഗ്രൂപ്പ് ബി ഉദ്യോഗസ്ഥരെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് മുന്നിൽ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. ഇവർക്ക് പരിശീലനം നൽകി മൈക്രോ ഒബ്സർവർമാരായി നിയമിക്കും. ഇവരുടെ പങ്ക് സഹായം നൽകുക എന്നത് മാത്രമാണെന്നും തീരുമാനങ്ങൾ എടുക്കാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

പശ്ചിമ ബംഗാളിലെ കരട് വോട്ടർ പട്ടികയിൽ നിന്ന് മരണപ്പെട്ടവരും താമസം മാറിയവരുമടക്കം 58 ലക്ഷത്തിലധികം വോട്ടർമാരെ ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് മമത ബാനർജിയുടെ ആവശ്യം. ബംഗാളിന് പുറമെ മറ്റ് 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത്തരത്തിൽ വോട്ടർ പട്ടിക പുതുക്കൽ നടക്കുന്നുണ്ട്.

---- facebook comment plugin here -----

Latest