Connect with us

National

മുൻ കരസേനാ മേധാവി എം എം നരവണെയുടെ പുസ്തകം ചോർന്നു; കേസെടുത്ത് ഡൽഹി പോലീസ്

പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തയ്യാറാക്കിയ പുസ്തകത്തിന്റെ ടൈപ്പ് സെറ്റ് ചെയ്ത പകർപ്പെന്ന് അവകാശപ്പെട്ടാണ് പി ഡി എഫ് കോപ്പി ഇന്റർനെറ്റിൽ പ്രചരിക്കുന്നത്.

Published

|

Last Updated

ന്യൂഡൽഹി | മുൻ കരസേനാ മേധാവി ജനറൽ എം എം നരവണെയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ (Four Stars of Destiny) എന്ന പുസ്തകത്തിന്റെ പകർപ്പുകൾ ഇന്റർനെറ്റിൽ പ്രചരിച്ച സംഭവത്തിൽ ഡൽഹി പോലീസ് എഫ് ഐ ആർ. രജിസ്റ്റർ ചെയ്തു. പുസ്തകത്തിന്റെ പ്രീ-പ്രിന്റ് കോപ്പി എന്ന അവകാശവാദവുമായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വാർത്താ പോർട്ടലുകളിലും പി ഡി എഫ് പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. ബന്ധപ്പെട്ട അധികാരികളിൽ നിന്ന് പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിന് മുമ്പേ പി ഡി എഫ് പകർപ്പുകൾ ചില വെബ്സൈറ്റുകളിൽ ലഭ്യമായതായും പോലീസ് കണ്ടെത്തി.

പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തയ്യാറാക്കിയ പുസ്തകത്തിന്റെ ടൈപ്പ് സെറ്റ് ചെയ്ത പകർപ്പെന്ന് അവകാശപ്പെട്ടാണ് പി ഡി എഫ് കോപ്പി ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. ചില ഓൺലൈൻ വിപണന സൈറ്റുകൾ പുസ്തകത്തിന്റെ കവർ പേജ് പ്രദർശിപ്പിക്കുകയും പുസ്തകം വാങ്ങാൻ ലഭ്യമാണെന്ന തരത്തിൽ പരസ്യം നൽകുകയും ചെയ്തിട്ടുണ്ട്. പുസ്തകം ചോർന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി കേസ് സ്‌പെഷ്യൽ സെല്ലിന് കൈമാറി.

കഴിഞ്ഞ ആഴ്ച പാർലമെന്റിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ പുസ്തകത്തിന്റെ പകർപ്പ് ഉയർത്തിക്കാട്ടിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെത്തുടർന്നുണ്ടായ ബഹളത്തിൽ ലോക്സഭാ നടപടികൾ തടസ്സപ്പെടുകയും ബജറ്റ് സമ്മേളനത്തിന്റെ ബാക്കി കാലയളവിലേക്ക് എട്ട് എം പി.മാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പോലീസ് നിയമനടപടികളിലേക്ക് കടന്നിരിക്കുന്നത്.

Latest