Ongoing News
മക്ക മേഖലയെ ലക്ഷ്യമിട്ട് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ; വിജയകരമായി തകർത്ത് സഈദി വ്യോമപ്രതിരോധ സേന
അവശിഷ്ടങ്ങൾ സമീപ പ്രദേശങ്ങളിൽ പതിച്ചെങ്കിലും ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു
മക്ക|സഊദി അറേബ്യയിലെ മക്ക മേഖലയെ ലക്ഷ്യമാക്കി ബുധനാഴ്ച രാത്രി യമനിലെ ഹൂത്തികൾ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സഊദി വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് വിജയകരമായി തകർത്തു. ഇതിന്റെ അവശിഷ്ടങ്ങൾ പുണ്യനഗരത്തിന് സമീപം പതിച്ചതായി സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു.
സഊദി വാർത്താ ഏജൻസി പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവന പ്രകാരം, തകർക്കപ്പെട്ട മിസൈലുകളുടെ ഭാഗങ്ങൾ നഗരപരിധിക്ക് പുറത്തുള്ള രണ്ട് സ്ഥലങ്ങളിലാണ് വീണത്. മസ്ജിദുൽ ഹറമിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന സബൂഹ ഗ്രാമത്തിലും, 21 കിലോമീറ്റർ കിഴക്കുള്ള വാദി അൽ-മഗ്മസ് പ്രദേശത്തുമാണ് അവശിഷ്ടങ്ങൾ പതിച്ചത്.
വിവരം ലഭിച്ചയുടൻ സിവിൽ ഡിഫൻസിന്റെ അടിയന്തര രക്ഷാപ്രവർത്തന സംഘം ഇരു സ്ഥലങ്ങളിലുമെത്തി പ്രദേശം സുരക്ഷിതമാക്കുകയും പരിശോധന നടത്തുകയും ചെയ്തു. അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ജനവാസ കേന്ദ്രങ്ങൾക്ക് നാശനഷ്ടങ്ങൾ ഉണ്ടാകുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ജനവാസ മേഖലകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഈ ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സഊദി സിവിൽ ഡിഫൻസ് വക്താവ് ഔദ്യോഗിക പ്രസ്താവനയിൽ ശക്തമായി അപലപിച്ചു.
രാജ്യത്തിന് നേരെയുണ്ടായ വ്യാപകമായ വ്യോമാക്രമണ ശ്രമങ്ങളുടെ ഭാഗമായാണ് മക്കയ്ക്ക് സമീപവും മിസൈലുകൾ എത്തിയത്. നേരത്തെ റിയാദിലേക്കും , തെക്കൻ മേഖലകളിലേക്കും അയച്ച മറ്റ് ബാലിസ്റ്റിക് മിസൈലുകളും സായുധ ഡ്രോണുകളും സഖ്യസേന പ്രതിരോധിച്ചു തകർത്തതായി റിപ്പോർട്ട് ചെയ്തു. അതേസമയം, മക്കയെ നേരിട്ട് ലക്ഷ്യമിട്ട് ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഹൂതി വക്താവിന്റെ വാദം.
മക്ക മേഖലയിലെ സാഹചര്യം പൂർണ്ണമായും ശാന്തവും സാധാരണ നിലയിലുമാണെന്നും താമസക്കാരുടെയും തീർത്ഥാടകരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും സുരക്ഷാ-സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.
Content Highlights: Saudi air defense intercepted two Houthi ballistic missiles targeting the Makkah region on Wednesday night. Debris fell outside city limits in Sabuhah and Wadi Al-Maghmas without causing casualties or damage. Civil Defense confirmed that the situation in Makkah remains completely calm and safe.



