Ongoing News
ഹജ്ജ്, ഉംറ മേഖലയിൽ ഡാറ്റാ വിപ്ലവം: 'ഉഫുഖ്' ഡിജിറ്റൽ സംവിധാനം പുറത്തിറക്കി
സഊദി വിഷൻ 2030-ന് കീഴിലുള്ള തീർത്ഥാടക അനുഭവ വികസന പദ്ധതിയുടെ ഭാഗമായാണ് ഈ സംവിധാനം അവതരിപ്പിച്ചത്.
ദമാം|ഹജ്ജ്, ഉംറ സേവനങ്ങളുടെ ആസൂത്രണവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി സഊദി അറേബ്യ ‘ഉഫുഖ്’ എന്ന പുതിയ ഡിജിറ്റൽ ഡാറ്റാ സംവിധാനം പുറത്തിറക്കി. ജിദ്ദയിൽ നടന്ന ആറാമത് ഹജ്ജ്, ഉംറ സമ്മേളനത്തിലും പ്രദർശനത്തിലും വെച്ച് ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് അൽ റബീഅയാണ് സംവിധാനം ഉദ്ഘാടനം ചെയ്തത്.
സഊദി വിഷൻ 2030-ന് കീഴിലുള്ള തീർത്ഥാടക അനുഭവ വികസന പദ്ധതിയുടെ ഭാഗമായാണ് ഈ സംവിധാനം അവതരിപ്പിച്ചത്. തീർത്ഥാടകരുടെ സന്ദർശനത്തിന് മുമ്പും ശേഷവും സന്ദർശന വേളയിലുമുള്ള സേവനങ്ങൾ മെച്ചപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് പൊതുവായ ഒരു വിവരശേഖരം നൽകുകയാണ് ഇതിന്റെ ലക്ഷ്യം.
ഹജ്ജ്, ഉംറ മേഖലയുമായി ബന്ധപ്പെട്ട 100-ലധികം വാർഷിക റിപ്പോർട്ടുകളും പ്രധാന കണക്കുകളും സൂചകങ്ങളും നൽകുന്ന 15-ലധികം വിവര പാനലുകളും ഉഫുഖിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകർക്ക് സേവനം നൽകുന്ന 55-ലധികം സർക്കാർ ഏജൻസികൾക്ക് ഈ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കും. വിവരങ്ങൾ പരസ്പരം കൈമാറുന്നതിനും ഭാവിയിലെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് ആസൂത്രണം നടത്തുന്നതിനും സഹായിക്കുന്ന വിശകലന ഉപകരണങ്ങളും ഇതിലുണ്ട്. വിവിധ സർക്കാർ വകുപ്പുകൾക്കിടയിൽ മികച്ച ഏകോപനം ഉറപ്പാക്കാൻ ഈ ഏകീകൃത സംവിധാനം സഹായിക്കും.
സർക്കാർ ഏജൻസികൾക്കുള്ള സംവിധാനങ്ങൾക്കൊപ്പം, സഊദി അറേബ്യയുടെ ദേശീയ ഓപ്പൺ ഡാറ്റാ വേദി വഴി 15-ലധികം തിരഞ്ഞെടുത്ത വിവരശേഖരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർക്കാർ വിവര പാനലുകളിലേക്ക് പ്രവേശനമില്ലാതെ തന്നെ തീർത്ഥാടന മേഖലയിലെ പ്രവണതകൾ പഠിക്കാനും വിശകലനം ചെയ്യാനും ഇത് ഗവേഷകർക്കും പൊതുജനങ്ങൾക്കും അവസരം നൽകുന്നു. സർക്കാർ തലത്തിലുള്ള ഏകോപനത്തോടൊപ്പം പൊതുജനങ്ങൾക്ക് സുതാര്യമായി വിവരങ്ങൾ ലഭ്യമാക്കുന്ന മികച്ചൊരു വിവര കൈകാര്യ മാതൃകയാണ് ഉഫുഖ് മുന്നോട്ടുവെക്കുന്നത്.
വിദേശത്തുനിന്നുള്ള തീർത്ഥാടകരുടെ എണ്ണത്തിലുണ്ടായ വൻ വർധനവിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം വിദേശ ഉംറ തീർത്ഥാടകരുടെ എണ്ണം 2022-ൽ 84 ലക്ഷമായിരുന്നത് 2025-ൽ 1.8 കോടിയായി ഉയർന്നു. ഇതേ കാലയളവിൽ മദീനയിലെ അൽ-റൗദ ശരീഫ് സന്ദർശിച്ചവരുടെ എണ്ണം 60 ലക്ഷത്തിൽ നിന്ന് ഏകദേശം 1.6 കോടിയായും വർധിച്ചു. ഈ വർധിച്ചുവരുന്ന തിരക്ക് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുള്ള ശക്തമായ അടിത്തറയാണ് ഉഫുഖ് നൽകുന്നത്.
Content Highlights: Saudi Arabia launched the Ufuq digital data platform to improve Hajj and Umrah planning and services under Vision 2030. Unveiled in Jeddah by Minister Tawfiq Al-Rabiah, it connects over 55 agencies with analytical dashboards and public datasets to efficiently manage rising pilgrim numbers.



