Kerala
അടൂര്‍ പോലീസ് സ്റ്റേഷന് അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയ്ക്കടക്കം എട്ടുപേര്‍ക്ക് മുന്‍കൂര്‍ ജാമ്യം
പത്തനംതിട്ട ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.
പത്തനംതിട്ട|അടൂര്‍ പോലീസ് സ്റ്റേഷന് അതിക്രമക്കേസില്‍ ശ്രീനാദേവി കുഞ്ഞമ്മയ്ക്കടക്കം എട്ടുപേര്‍ക്ക് മുന്‍കൂര്‍ ജാമ്യം. പത്തനംതിട്ട ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.
അതേസമയം, ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്റ്റേഷന് അതിക്രമം, പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയത്. ബിഎന്‍എസ് 333 വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്.
കേസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു പോലീസിന്റെ വാദം. ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് പുറമെ അബിന്‍ ശിവദാസ്, നസ്മല്‍, ഫെന്നി നൈനാന് എന്നിവരും പ്രതികളാണ്.
ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം. ശ്രീനാദേവിയുടെ പരാതിയില്‍ രാജന് ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു സംഘര്‍ഷവും അക്രമവുമുണ്ടായത്. സംഭവത്തില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
Content Highlights: Pathanamthitta District Court granted anticipatory bail to Sreenadevi Kunjamma and seven others in the Adoor police station attack case. Police had opposed the plea, citing charges under BNS Section 333 and ongoing investigation. The clash occurred on July 11, leaving several police officers injured.




