Connect with us

From the print

കേരളയാത്ര: ഇനി ഒരാഴ്ച; പ്രചാരണം പാരമ്യത്തില്‍

ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ യാത്രകള്‍ നാടും നഗരവും കീഴടക്കുകയാണ്.

Published

|

Last Updated

കോഴിക്കോട് | മലയാളക്കര ആവേശത്തോടെ കാത്തിരിക്കുന്ന കേരളയാത്രക്ക് സമാരംഭം കുറിക്കാന്‍ ഇനി ഒരാഴ്ച മാത്രം അവശേഷിക്കെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പാരമ്യത്തില്‍. ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ യാത്രകള്‍ നാടും നഗരവും കീഴടക്കുകയാണ്. കേരളയാത്രയുടെ മിനി പതിപ്പായാണ് ജില്ലാ യാത്രകള്‍ നടക്കുന്നത്.
കേരളയാത്രക്ക് വേണ്ടിയുള്ള സ്വീകരണത്തിന് അതത് ജില്ലാ കേന്ദ്രങ്ങളില്‍ വിപുലമായ സംവിധാനങ്ങളൊരുക്കുന്ന തിരക്കിനിടയിലാണ് ജില്ലാ യാത്രകളുമായി നേതാക്കള്‍ പര്യടനം നടത്തുന്നത്. ആസ്ഥാന നഗരിയായ കോഴിക്കോട്ട് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരില്‍ നിന്ന് പതാക സ്വീകരിച്ചുകൊണ്ടാണ് യാത്രാ നായകന്‍ ടി കെ അബ്ദുര്‍റഹ്്മാന്‍ ബാഖവി ഇന്നലെ ജില്ലാ യാത്രക്ക് സമാരംഭം കുറിച്ചത്. 28ന് രാമനാട്ടുകരയിലാണ് സമാപനം. മറ്റ് ജില്ലകളിലും പ്രൗഢിയോടെ തന്നെ ജില്ലാ യാത്രകള്‍ നടന്നുവരുന്നു. ഈ മാസം 31ന് മുമ്പ് ജില്ലാ യാത്രകള്‍ അവസാനിക്കും.

കേരള മുസ്‌ലിം ജമാഅത്ത് സോൺ കേന്ദ്രങ്ങളില്‍ സന്ദേശ ജാഥകള്‍ സംഘടിപ്പിച്ചിരുന്നു. എസ് വൈ എസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 126 സോണ്‍ കേന്ദ്രങ്ങളില്‍ നൈറ്റ് മാര്‍ച്ചും 542 സര്‍ക്കിളുകളില്‍ ബൈക്ക് റാലികളും നടക്കുകയുണ്ടായി. പ്രചാരണ രംഗത്ത് നൈറ്റ് മാര്‍ച്ചിനും ബൈക്ക് റാലിക്കും ആവേശോജ്ജ്വല പ്രതികരണമാണ് ലഭിച്ചത്.
കേരളയാത്രയോടനുബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഗാല എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചാണ് എസ് എസ് എഫ് പ്രചാരണ രംഗത്ത് വ്യത്യസ്തമായത്. 18 സംഘടനാ ജില്ലാ കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച പരിപാടിയിൽ ഇന്ന് ജീവിക്കുക, ഇന്ന് ആഘോഷിക്കുക എന്നതിന്റെ സര്‍വതലങ്ങളും ചര്‍ച്ചയാക്കി ദൗത്യബോധം നല്‍കലായിരുന്നു ലക്ഷ്യം.
നോ ക്യാപ്, ഇറ്റ്‌സ് ടുമാറോ എന്നായിരുന്നു ഗാലയുടെ പ്രമേയം. ഗാലയുടെ സമാപനത്തില്‍ വിദ്യാര്‍ഥി റാലികളുമുണ്ടായിരുന്നു. അനുബന്ധമായി ജില്ല, ഡിവിഷന്‍ ഘടകങ്ങളില്‍ പരിശീലനം ലഭിച്ച ഡി- കോര്‍, എസ്- കോഡ് ടീമുകളും രൂപപ്പെടും.

എസ് ജെ എം, എസ് എം എ തുടങ്ങിയ പോഷക ഘടകങ്ങളും സ്ഥാപനങ്ങളുമെല്ലാം പ്രചാരണം സമ്പൂര്‍ണമാക്കുന്ന തിരക്കിലാണ്. മദ്‌റസകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കപ്പെട്ട സ്റ്റുഡന്റ്‌സ് അസംബ്ലി വേറിട്ട പ്രചാരണ മാര്‍ഗമായിരുന്നു. കേരളയാത്രയുടെ ബാനറുകളും പ്രചാരണ ബോര്‍ഡുകളും കൂടാരങ്ങളുമെല്ലാം നാടിന്റെ നാനാഭാഗങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.

Latest