Connect with us

Kerala

സീതത്തോട്-നിലയ്ക്കല്‍ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

120 കോടി രൂപ നബാഡ് ധനസഹായത്തോടെയുള്ള പദ്ധതിയില്‍ 84.38 കോടി രൂപയുടെ പ്രവൃത്തികളാണ് പൂര്‍ത്തിയായത്. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

Published

|

Last Updated

സീതത്തോട്-നിലയ്ക്കല്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കുന്നു.

പത്തനംതിട്ട | സീതത്തോട്-നിലയ്ക്കല്‍ കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തിയായ പ്രവൃത്തികള്‍ കമ്മീഷന്‍ ചെയ്തു. 120 കോടി രൂപ നബാഡ് ധനസഹായത്തോടെയുള്ള പദ്ധതിയില്‍ 84.38 കോടി രൂപയുടെ പ്രവൃത്തികളാണ് പൂര്‍ത്തിയായത്. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ വെള്ളം എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവില്‍ ശബരിമല മണ്ഡല-മകരവിളക്ക്, മാസപൂജ സമയത്ത് കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് തീര്‍ഥാടകര്‍ക്കായി ടാങ്കറില്‍ കുടിവെള്ളം എത്തിക്കുന്നത്. നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ ജലസംഭരണികളില്‍ പൈപ്പ് ലൈന്‍ വഴി വെള്ളം എത്തുന്നതോടുകൂടി ജലവിതരണത്തിനായി ചെലവാക്കി വരുന്ന ഭീമമായ തുക കുറയ്ക്കുവാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി നെല്ലിമല ഭാഗത്തേക്കുള്ള പ്രവൃത്തി പൂര്‍ത്തിയാക്കുന്നതോടെ അട്ടത്തോട് കിഴക്ക് പടിഞ്ഞാറ് ഉന്നതികള്‍, കിസുമം സ്‌കൂള്‍, അയ്യന്‍മല, നെല്ലിമല, നാരായണംതോട് പ്രദേശങ്ങളില്‍ മാര്‍ച്ച് മാസത്തോടെ കുടിവെള്ളം എത്തുമെന്നും മന്ത്രി അറിയിച്ചു.

ചടങ്ങില്‍ പ്രമോദ് നാരായണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജല അതോറിറ്റി തിരുവല്ല പി എച്ച് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ആര്‍ വി സന്തോഷ് കുമാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹന്‍, വൈസ് പ്രസിഡന്റ് ഡി ശ്രീകല, വാര്‍ഡ് അംഗങ്ങളായ മഞ്ജു പ്രമോദ്, സി എസ് സുകുമാരന്‍, ജല അതോറിറ്റി അടൂര്‍ പ്രോജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി ആര്‍ വിപിന്‍ ചന്ദ്രന്‍, അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ മനോജ് കുമാര്‍, അസി. എന്‍ജിനീയര്‍ വി അനു പങ്കെടുത്തു.

 

Latest