Kerala
സംസ്ഥാനത്ത് വീണ്ടും കോളറ; രോഗം സ്ഥിരീകരിച്ചത് കാക്കനാട്ട്
പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്.
കൊച്ചി | സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്.
ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഈ വര്‍ഷം ഇതുവരെ മൂന്നുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തും ആലപ്പുഴയിലുമായിരുന്നു ആദ്യ രണ്ടു കേസുകള്‍. തിരുവനന്തപുരത്ത് കോളറ ബാധിച്ചയാള്‍ മരണപ്പെട്ടിരുന്നു.
കോളറ
മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് കോളറ. മലിനമായ വെള്ളമോ ഭക്ഷണമോ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അണുബാധയാണിത്. വയറിളക്കമാണ് പ്രധാനപ്പെട്ട ലക്ഷണം. ഇത് മൂലം വളരെ പെട്ടെന്ന് നിര്‍ജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയില്‍ ആകാനും മരണം വരെ സംഭവിക്കാനും സാധ്യത കൂടുതലാണ്. ശുദ്ധജലമോ ടോയ്ലറ്റ് സൗകര്യങ്ങളോ ലഭ്യമല്ലാത്ത പ്രദേശങ്ങളിലാണ് കോളറ മിക്കപ്പോഴും പടരുന്നത്. വയറിളക്കം പിടിപെട്ടാല്‍ ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, എന്നിവ കുടിക്കണം.
വിബ്രിയോ കോളറെ എന്ന ബാക്ടീരിയ ആണ് കോളറക്ക് കാരണം. ഇത് ശരീരത്തിലെ പ്രധാന ധാതുക്കള്‍ (ഇലക്ട്രോലൈറ്റുകള്‍) വേഗത്തില്‍ നഷ്ടപ്പെടുന്നതിനും നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനും കാരണമാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. വ്യക്തിശുചിത്വം, പരിസര ശുചിത്വം പാലിക്കുക.
2. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
3. മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത ശേഷം മാത്രം കഴിക്കുക.
4. പച്ചവെള്ളവും തിളപ്പിച്ച വെള്ളവും കുട്ടിച്ചേര്‍ത്ത് ഉപയോഗിക്കരുത്.
5. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
6. ആഹാരസാധനങ്ങള്‍ തുറന്ന് വെക്കരുത്.


