From the print
സുപ്രീം ലീഡര്‍ ആര്?; ചര്‍ച്ചയില്‍ മുഴുകി ഇ കെ വിഭാഗം
സുപ്രീം ലീഡര്‍ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളാണെന്നും അല്ല, ഇ കെ വിഭാഗം അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളാണെന്നുമുള്ള ചര്‍ച്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ സജീവമായി തുടരുന്നത്.
കോഴിക്കോട് | സുപ്രീം ലീഡര്‍ ആരെന്ന ചര്‍ച്ചയില്‍ ഇ കെ വിഭാഗം. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ പി എം അശ്‌റഫാണ് സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചക്ക് മറുപടി പറഞ്ഞു തുടങ്ങിയത്. ആരാണ് വലുത്, ആരാണ് ചെറുതെന്ന രീതിയില്‍ വാഫികള്‍ തുടങ്ങിവെച്ച ചര്‍ച്ച അനാവശ്യവും അപക്വവുമാണെന്നാണ് അശ്‌റഫിന്റെ മറുപടി.
പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളെ ഇകഴ്ത്തുന്നത് മുസ്‌ലിം ലീഗ് അനുകൂല പക്ഷമാണെന്ന പരോക്ഷ വിമര്‍ശവും പോസ്റ്റിലുണ്ട്. പാണക്കാട് തങ്ങളുടെ പേര് പറഞ്ഞ് സമസ്തയെ മോശമാക്കാന്‍ ശ്രമിക്കുന്നവര്‍ ഒന്നോര്‍ക്കണം, ‘സമസ്ത’യല്ലാതെ ഏത് മുസ്‌ലിം സംഘടനയാണ് പാണക്കാട് തങ്ങളെ അവരുടെ സുപ്രീം ലീഡറായി കാണുന്നത്? നൂറാം വാര്‍ഷികാഘോഷത്തിന്റെ സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരിയായി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തത് ഒടുവിലത്തെ ഉദാഹരണമാണ്.
വാഫി സര്‍ട്ടിഫിക്കറ്റ് എങ്ങനെയാകണമെന്ന് നേരത്തേ ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ദേശിച്ചപ്പോള്‍ ചിലര്‍ അത് തള്ളിയെന്നാണ് ഒ പി അശ്‌റഫിന്റെ ആക്ഷേപം. നിലവില്‍ സി ഐ സി ജനറല്‍ സെക്രട്ടറിയോട് രാജിവെക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ രാജിവെക്കാം പക്ഷേ, അന്തിമ തീരുമാനം സെനറ്റിന്റേതാണെന്ന് പറഞ്ഞവര്‍ക്ക് തങ്ങള്‍ സ്നേഹം എഴുതിപ്പിടിപ്പിക്കേണ്ടി വരുമെന്നും ഒ പി അശ്‌റഫ് വ്യക്തമാക്കി.
സുപ്രീം ലീഡര്‍ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളാണെന്നും അല്ല, ഇ കെ വിഭാഗം അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളാണെന്നുമുള്ള ചര്‍ച്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ സജീവമായി തുടരുന്നത്.


