Uae
ടെലികോം ടവറുകൾ പൂർണമായും സുരക്ഷിതം
റേഡിയേഷൻ അറിയാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം

അബൂദബി|യു എ ഇയിലെ ടെലികമ്മ്യൂണിക്കേഷൻ ടവറുകൾ പൂർണമായും സുരക്ഷിതമാണെന്ന് ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയും ഡിജിറ്റൽ ഗവൺമെന്റും അറിയിച്ചു. ടവറുകളിൽ ഉപയോഗിക്കുന്ന നോൺ-അയണൈസിംഗ് റേഡിയേഷൻ അനുവദനീയമായ ആഗോള പരിധിക്കുള്ളിലാണെന്നും ഉപയോക്താക്കൾക്കോ സമീപത്ത് താമസിക്കുന്നവർക്കോ ഇത് ദോഷകരമല്ലെന്നും അധികൃതർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒരു ഇന്ററാക്ടീവ് ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചതായി അതോറിറ്റി അറിയിച്ചു. ടെലികമ്മ്യൂണിക്കേഷൻ ടവറുകൾക്ക് ചുറ്റുമുള്ള റേഡിയേഷൻ അളവ് നിരീക്ഷിക്കാനും അത് വഴി ആത്മവിശ്വാസം നേടാനും ഈ പ്ലാറ്റ്ഫോം ഉപയോക്താക്കളെ സഹായിക്കും. ഉപയോക്താക്കൾക്ക് അവരുടെ ചുറ്റുപാടുകളിലെ റേഡിയേഷൻ അളവ് ഇതിലൂടെ എളുപ്പത്തിൽ അറിയാനാവും.
ദേശീയ, അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചാണ് യു എ ഇയിലെ ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങൾ പ്രവർത്തിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. മൊബൈൽ ഫോൺ ടവറുകൾ, പ്രക്ഷേപണ സ്റ്റേഷനുകൾ തുടങ്ങിയ ആശയവിനിമയ സംവിധാനങ്ങൾ പുറപ്പെടുവിക്കുന്ന വൈദ്യുതകാന്തിക വികിരണം നിരീക്ഷിക്കുന്നതിനുള്ള ദേശീയ സ്മാർട്ട് സംവിധാനവും തങ്ങൾക്കുണ്ടെന്ന് ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി പറഞ്ഞു. പൊതുജനാരോഗ്യം സംരക്ഷിക്കുക, ജീവിത നിലവാരം മെച്ചപ്പെടുത്തുക, രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ അടിസ്ഥാന സൗകര്യങ്ങളിൽ ആത്മവിശ്വാസം വർധിപ്പിക്കുക എന്നിവക്ക് മുന്തിയ പരിഗണയാണെന്നും അവർ വ്യക്തമാക്കി.