Connect with us

From the print

നേതാക്കളുടെ ആത്മഹത്യ; ബി ജെ പിക്ക് കേവല ഭൂരിപക്ഷം നിഷേധിച്ചത് ശക്തികേന്ദ്രങ്ങളിലെ പരാജയം

തൃകണ്ണാപുരം, തിരുമല വാർഡുകളിലെ തോൽവിയാണ് ബി ജെ പിക്ക് തിരിച്ചടിയായത്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം കോർപറേഷനിൽ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുമ്പോഴും ശക്തികേന്ദ്രങ്ങളിലെ പരാജയം 51 സീറ്റെന്ന കേവല ഭൂരിപക്ഷം നിഷേധിച്ചു. തൃകണ്ണാപുരം, തിരുമല വാർഡുകളിലെ തോൽവിയാണ് ബി ജെ പിക്ക് തിരിച്ചടിയായത്. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ജീവനൊടുക്കിയ ആർ എസ് എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ വാർഡിൽ സി പി എം സ്ഥാനാർഥിയാണ് ജയിച്ചത്. കഴിഞ്ഞ തവണ ബി ജെ പി 431 വോട്ടിന് ജയിച്ച വാർഡാണ് തൃക്കണ്ണാപുരം. ഇത്തവണ ബി ജെ പി സ്ഥാനാർഥി വിനോദ് കുമാർ എം വിയെ 190 വോട്ടുകൾക്കാണ് സി പി എമ്മിന്റെ എസ് എൽ അജിൻ പരാജയപ്പെടുത്തിയത്. ആർ എസ് എസിന്റെ പ്രാദേശിക നേതാവും സംരംഭകനുമായിരുന്ന ആനന്ദ് കെ തമ്പിയുടെ ആത്മഹത്യക്ക് പിന്നാലെയാണ് തൃക്കണ്ണാപുരം വാർഡ് ശ്രദ്ധാകേന്ദ്രമായത്.

ആർ എസ് എസ് തിരുമല ഉപനഗരത്തിന്റെ ശാരീരിക് പ്രമുഖ്, സഹകാര്യവാഹ് തുടങ്ങിയ ചുമതലകളും ആനന്ദ് വഹിച്ചിരുന്നു. തൃക്കണ്ണാപുരത്ത് ബി ജെ പി സീറ്റ് നിഷേധിച്ചെന്ന് ആരോപിച്ചായിരുന്നു ആനന്ദ് ആത്മഹത്യ ചെയ്തത്. മാത്രമല്ല ബി ജെ പി ഏരിയ പ്രസിഡന്റ,് നിയോജകമണ്ഡലം കമ്മിറ്റി അംഗം, ആർ എസ് എസ് നഗർ ഭാരവാഹി എന്നിവർ മണ്ണ് മാഫിയയുടെ ഭാഗമാണെന്ന ആത്മഹത്യാ കുറിപ്പും ബി ജെ പിക്ക് തിരിച്ചടിയായി. ഇതിന് പുറമെ ബി ജെ പി നേതാവും കൗൺസിലറുമായ തിരുമല അനിലിന്റെ ആത്മഹത്യയും ഏറെ ചർച്ചയായിരുന്നു. അനിൽ പ്രസിഡന്റായ ഫാം ടൂർ സഹകരണസംഘത്തിൽ നിന്ന് ബി ജെ പി നേതാക്കൾ വായ്പയെടുക്കുകയും ഇത് തിരിച്ചടക്കാതെ വന്നതോടെ മാനസിക സമ്മർദത്തിലായി ജീവനൊടുക്കുന്നതായാണ് ഇദ്ദേഹത്തിന്റെ ആത്മഹത്യാകുറിപ്പിൽ പറയുന്നത്. ഇതും നേതൃത്വത്തെ പ്രതിസന്ധിയിലാക്കി.
തിരുമല വാർഡ് ഇക്കുറി വനിതാ സംവരണമായിരുന്നു. ഇതോടെ തിരുമല അനിലും മത്സരിക്കാൻ ആഗ്രഹിച്ചിരുന്നത് തൃക്കണ്ണാപുരത്തായിരുന്നു. ഇതിനിടെയാണ് അനിൽ ആത്മഹത്യ ചെയ്തത്. ഇതോടെ വാർഡിൽ ആനന്ദ് മത്സരിക്കാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല.
അതേസമയം, ബി ജെ പി സീറ്റ് നൽകാത്തതിന് പിന്നാലെ ആത്മഹത്യാ ശ്രമം നടത്തിയ നെടുമങ്ങാട് പനങ്ങോട്ടേല വാർഡിലെ സ്ഥാനാർഥി ശാലിനി സനിലും തോറ്റു. ബി ജെ പി സ്ഥാനാർഥിയായി നിന്ന ശാലിനി സനിൽ നാലാം സ്ഥാനത്തേക്ക് പോയി. ആകെ 111 വോട്ടുകളാണ് ഇവർക്ക് നേടാനായത്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ശ്രുതി 180 വോട്ടുകളാണ് നേടിയത്. നേരത്തേ പനങ്ങോട്ടേല വാർഡിലെ സ്ഥാനാർഥി നിർണയത്തിൽ ബി ജെ പിക്കിടയിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. സീറ്റ് നൽകാത്തതും വ്യക്തിഹത്യ താങ്ങാനാകാത്തതുമാണ് ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ചതെന്ന് ബി ജെ പി പ്രവർത്തകയും മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറിയുമായ ശാലിനി സനിൽ പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest