Connect with us

Uae

അൽ മർയ ദ്വീപിൽ അത്യാകർഷകമായ വാട്ടർഫ്രണ്ട് പദ്ധതി

മുബാദല ഇൻവെസ്റ്റ്മെന്റ്കമ്പനിയുടെ നേതൃത്വത്തിലാണ് പദ്ധതി.

Published

|

Last Updated

അബൂദബി| തലസ്ഥാന നഗരിയുടെ വിനോദസഞ്ചാര മേഖലക്ക് ഉത്തേജനം നൽകുന്നതിനായി അൽ മർയ ദ്വീപിന്റെ തീരത്ത് അത്യാകർഷകമായ വാട്ടർഫ്രണ്ട് പദ്ധതി വരുന്നു. ദ്വീപിനെ വർഷം മുഴുവനും സന്ദർശകരെ ആകർഷിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. ഈ പദ്ധതിയിൽ 30 മീറ്റർ ഉയരമുള്ള പ്രകാശ ഗോളവും 75 മീറ്റർ ഉയരത്തിൽ വരെ എത്തുന്ന 1,000 എ ഐ പവർഡ് വാട്ടർ ജെറ്റുകളും ഉൾപ്പെടുന്നു. പ്രശസ്ത സംഗീത സംവിധായകൻ റാമിൻ ജവാദി സംഗീതം നൽകുന്ന ജലവിസ്മയവും ഉണ്ടാവും. മുബാദല ഇൻവെസ്റ്റ്മെന്റ്കമ്പനിയുടെ നേതൃത്വത്തിലാണ് പദ്ധതി.

കടൽത്തീരത്തേക്ക് പ്രവേശന സൗകര്യമൊരുക്കുന്ന ബോർഡ്്വാക്ക്, വേനൽക്കാലത്ത് സന്ദർശനം കൂടുതൽ ആസ്വാദ്യകരമാക്കാൻ തണലുള്ള കൂളിംഗ് സംവിധാനം, പുതിയ ഭക്ഷണശാലകളും പാനീയ കേന്ദ്രങ്ങളും എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമിക്കും. 2007 മുതൽ മുബാദലയാണ് അൽ മർയ ദ്വീപിന്റെ വളർച്ചക്ക് നേതൃത്വം നൽകുന്നത്. മുമ്പ് സൗവ്വ ദ്വീപ് എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശം 2012ലാണ് അൽ മർയ ദ്വീപ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്. നിലവിൽ ഇവിടെ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകൾ, വലിയ മാൾ, അബൂദബി ഗ്ലോബൽ മാർക്കറ്റ്, ക്ലീവ്ലാൻഡ് ക്ലിനിക് അബൂദബി തുടങ്ങി നിരവധി സ്ഥാപനങ്ങളുണ്ട്.

അബൂദബിയിൽ ടൂറിസം മേഖലക്ക് വലിയ ഉത്തേജനം നൽകുന്ന മറ്റു ചില പദ്ധതികളും വരുന്നുണ്ട്. മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഡിസ്‌നി തീം പാർക്ക് യാസ് ദ്വീപിലാണ് വരുന്നത്. ലാസ് വെഗാസിലെ സ്ഫിയറിന് സമാനമായ വിനോദ കേന്ദ്രവും അബൂദബിയിൽ വരുന്നുണ്ട്.
ഈ വർഷം എമിറേറ്റിലെ ടൂറിസം മേഖലയിൽ 37,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

 

Latest