Connect with us

editorial

ഉന്നത കോളജുകളിലെ വിദ്യാര്‍ഥി ആത്മഹത്യ

2018 മുതല്‍ 2023 ജൂണ്‍ വരെയുള്ള അഞ്ചര വര്‍ഷ കാലയളവില്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 98 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതായും 33,979 വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ച് പോയതായും 2023 ജൂലൈയില്‍ അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ് സര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.

Published

|

Last Updated

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വര്‍ധിച്ചു വരുന്ന വിദ്യാര്‍ഥി ആത്മഹത്യയില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് സുപ്രീം കോടതി. വിദ്യാര്‍ഥികളുടെ ആത്മഹത്യക്ക് ഇടയാക്കുന്ന അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി ലഘൂകരിക്കുന്നതിനും പരിഹരിക്കുന്നതിനും സമഗ്രവും ഫലപ്രദവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നത് ആത്മഹത്യകള്‍ തടയാന്‍ വലിയൊരളവോളം സഹായിക്കുമെന്ന് ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരുള്‍പ്പെട്ട കോടതി ബഞ്ച് അഭിപ്രായപ്പെട്ടു.

ഈ മാസം നാലിന് ഗോരഖ്പുര്‍ ഐ ഐ ടിയില്‍ ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവമാണ് സുപ്രീംകോടതിയെ അസ്വസ്ഥമാക്കിയത്. ബിഹാറിലെ ശിയോഹര്‍ ജില്ലയില്‍ നിന്നുള്ള മുഹമ്മദ് ആസിഫ് എന്ന മൂന്നാം വര്‍ഷ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയെയാണ് മോഹന്‍മാളവ്യ ഹാള്‍ ഹോസ്റ്റലിലെ മുറിയില്‍ സ്വയം ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ടത്. നീറ്റ് എഴുതാനിരുന്ന മധ്യപ്രദേശിലെ ഷിയോപൂരില്‍ നിന്നുള്ള 18കാരി വിദ്യാര്‍ഥിനി രാജസ്ഥാന്‍ കോട്ടയിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത സംഭവവും കോടതി ചൂണ്ടിക്കാട്ടി. കോട്ടയില്‍ വര്‍ഷങ്ങളായി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചു വരുന്ന വിദ്യാര്‍ഥിനി പരീക്ഷക്കുള്ള അവസാന തയ്യാറെടുപ്പിനിടെയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ നാല് മാസത്തിനിടെ കോട്ടയില്‍ നടക്കുന്ന പതിനേഴാമത്തെ ആത്മഹത്യയാണിത്.

നേരത്തേ ഡല്‍ഹി ഐ ഐ ടിയിലെ രണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, വിദ്യാര്‍ഥി ആത്മഹത്യകളുടെ കാരണം കണ്ടെത്താന്‍ സുപ്രീം കോടതി മുന്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെ നേതൃത്വത്തില്‍ ഒരു ടാസ്‌ക് ഫോഴ്‌സ് (എന്‍ ടി എഫ്) രൂപവത്കരിച്ചിട്ടുണ്ട്. ജാതി വിവേചനം, സാമുദായിക വിവേചനം, ലിംഗപരമായ വിവേചനം, വംശീയത, അക്കാദമിക സമ്മര്‍ദം, സാമ്പത്തിക ഭാരം, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, റാഗിംഗ് തുടങ്ങി ആത്മഹത്യക്ക് പ്രേരകമായ ഘടകങ്ങള്‍ കണ്ടെത്തുന്നതിനു പുറമെ, നിലവിലുള്ള ചട്ടങ്ങള്‍ ആത്മഹത്യാ പ്രതിരോധത്തില്‍ പര്യാപ്തമാണോ എന്ന് സമിതി പരിശോധിക്കുകയും, വിദ്യാര്‍ഥി സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കുകയും ചെയ്യും.

2018 മുതല്‍ 2023 ജൂണ്‍ വരെയുള്ള അഞ്ചര വര്‍ഷത്തിനിടയില്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 98 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതായും 33,979 വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ച് പോയതായും 2023 ജൂലൈയില്‍ അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ് സര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. ഐ ഐ ടി, എന്‍ ഐ ടി സ്ഥാപനങ്ങളിലാണ് ആത്മഹത്യകള്‍ കൂടുതല്‍ നടക്കുന്നത്. യഥാക്രമം 39ഉം 25ഉം പേരാണ് മേല്‍കാലയളവില്‍ ഈ സ്ഥാപനങ്ങളില്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നവരില്‍ ബഹുഭൂരിഭാഗവും ദളിതരോ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരോ ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അക്കാദമിക സമ്മര്‍ദത്തിലുപരി ജാതീയവും സാമുദായികവുമായ വിവേചനവും പീഡനവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സുഖ്ദിയോ തോറാട്ട് കമ്മീഷന്‍ (2007), ഭല്‍ചന്ദ്ര മുന്‍ഗെക്കര്‍ കമ്മീഷന്‍(2012) തുടങ്ങിയ അന്വേഷണ കമ്മീഷനുകളുടെ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്ക വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ മെസ്സില്‍ വിവേചനം നേരിടുന്നതായും ഹോസ്റ്റല്‍ മുറികളില്‍ ഒറ്റപ്പെട്ടു കഴിയാന്‍ നിര്‍ബന്ധിതരാകുന്നതായും 2007ല്‍ മന്‍മോഹന്‍ സര്‍ക്കാര്‍ നിയോഗിച്ച എസ് തോറാട്ട് കമ്മീഷന്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നുണ്ട്. അധ്യാപകരില്‍ നിന്ന് അവഹേളനം, നിസ്സഹകരണം, മോശം പെരുമാറ്റം, മുന്‍വിധിയോടെയുള്ള സമീപനം, മാറ്റിനിര്‍ത്തല്‍ തുടങ്ങി പിന്നാക്ക ജാതിക്കാരായ വിദ്യാര്‍ഥികള്‍ പലവിധ വിവേചനങ്ങള്‍ക്ക് വിധേയരാകുന്നതായും റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. ജാതി വിവേചനത്തെ തുടര്‍ന്നുള്ള ആത്മഹത്യകള്‍ നിരന്തരം തുടര്‍ന്നിട്ടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം അവസാനിപ്പിക്കാനുള്ള നയപരവും ഫലപ്രദവുമായ നടപടികളൊന്നും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തതില്‍ 2019ല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് സംസാരിക്കവെ പ്രൊഫ. സുഖ്ദിയോ തോറാട്ട് നിരാശ രേഖപ്പെടുത്തുകയും ചെയ്തു.

സവര്‍ണ-ബ്രാഹ്മണിക്കല്‍ സംസ്‌കാരത്തിന്റെ ആധിപത്യമാണ് രാജ്യത്തെ ബഹുഭൂരിഭാഗം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും. വരേണ്യ ജാതിക്കാരാണ് അധ്യാപകരില്‍ ബഹുഭൂരിഭാഗവും. ഇതാണ് ഇത്തരം സ്ഥാപനങ്ങളില്‍ പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ കാരണങ്ങളിലൊന്ന്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എസ് സി, എസ് ടി വിഭാഗക്കാരുടെയും ഒ ബി സിക്കാരുടെയും അധ്യാപക പോസ്റ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. യു ജി സിയുടെ 2014ലെ ആള്‍ ഇന്ത്യ ഹയര്‍ എജ്യുക്കേഷന്‍ സര്‍വേ റിപോര്‍ട്ട് പ്രകാരം, പ്രസ്തുത വര്‍ഷം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 89 ശതമാനവും ഉന്നത ജാതിക്കാരാണ്. ഇത്തരം തസ്തികകളില്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയാല്‍ ജാതി, സാമുദായിക വിവേചനം വലിയൊരളവോളം കുറക്കാന്‍ സാധിക്കും.

തങ്ങളുടെ അസ്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനും വിവേചനത്തിനെതിരെ പ്രതികരിക്കുന്നതിനും വേണ്ടി സംഘടിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഉന്നത സ്ഥാപനങ്ങളില്‍ ദളിതര്‍ക്ക്. ദളിത് വിദ്യാര്‍ഥികളുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍, സ്ഥാപന മേധാവികളുടെയും സവര്‍ണാധിപത്യ വിദ്യാര്‍ഥി സംഘടനകളുടെയും അക്രമാസക്തമായ അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടി വരുന്നു. വേദം ശ്രവിക്കുന്നവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം എന്ന് ഉദ്‌ഘോഷിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ക്ക് കീഴ്ജാതിക്കാരന്‍ പഠിച്ച് ഉയരുന്നത് കണ്ടുനില്‍ക്കാനുള്ള മാനസികാവസ്ഥ സ്വാഭാവികമായും ഉണ്ടാകില്ല. ഈ മാനസികാവസ്ഥയാണ് വിവേചനത്തിന്റെയും അവഹേളനത്തിന്റെയും അടിസ്ഥാന കാരണം. ഇത്തരം വിശ്വാസങ്ങളും ചിന്താഗതികളുമാണ് ആദ്യമായി തുടച്ചുനീക്കേണ്ടത്.

Latest