National
വിദ്യാര്‍ഥിക്ക് ക്ലാസില്‍ അതിക്രൂര മര്‍ദനം; അധ്യാപകന്‍ അറസ്റ്റില്‍
വിദ്യാര്‍ഥിയെ അതിക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു
ചെന്നൈ | തമിഴ് നാട്ടിലെ ചിദംബരത്ത് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച അധ്യാപകന്‍ അറസ്റ്റില്‍. ചിദംബരം നന്ദനാര്‍ സര്‍ക്കാര്‍ സ്‌കൂളിലെ ഫിസിക്സ് അധ്യാപകന്‍ സുബ്രഹ്‌മണ്യനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിയെ അതിക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി. പട്ടികജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് പോലീസ് അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെയാണ് അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചത്. വടികൊണ്ട് അടിക്കുന്നതിനു പുറമെ കാലുകള്‍കൊണ്ടു വിദ്യാര്‍ഥിയെ തുടര്‍ച്ചയായി ചവിട്ടുകയും ചെയ്തു. ക്ലാസിലെ മറ്റൊരു വിദ്യാര്‍ഥി പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ക്ലാസില്‍ കൃത്യമായി എത്തുന്നില്ലെന്ന കാരണം പറഞ്ഞ് സഞ്ജയ്, സുശീന്ദ്രന്‍, അജയകുമാര്‍ എന്നീ വിദ്യാര്‍ഥികളെയാണ് അധ്യാപകന്‍ ചോദ്യം ചെയ്തത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അധ്യാപകനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കടലൂര്‍ ജില്ലാ കലക്ടര്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് പിറകെയാണ് പോലീസ് കേസെടുത്തത്.






