കെയ്‌റോ ഡയറി - 9
മിസ്‌റിലെ താരകങ്ങൾ
ഇമാം അബൂ ഹനീഫ(റ) വിടവാങ്ങിയ ഹിജ്‌റ 150ൽ തന്നെയാണ് ഇമാം ശാഫിഈ എന്ന പണ്ഡിതജ്യോതിസ്സിനെ ഇസ്്ലാമിക ലോകത്തിന് കനിഞ്ഞു കിട്ടിയത്
കൈറോവിലെ തീർഥാടന കേന്ദ്രങ്ങളിൽ മനസ്സിന് ഏറ്റവും കുളിർമയേകുന്ന ഇടമാണ് “സയ്യിദ ആഇശാ’ എന്ന സ്ഥലം. അവിടെയാണ് നമ്മുടെ മദ്ഹബിന്റെ ഇമാമായ, ഇമാം ശാഫിഈ(റ)യും നഫീസത്തുൽ മിസ്രിയ്യ ബീവിയും അന്ത്യവിശ്രമം കൊള്ളുന്നത്. അവരിരുവരും മാത്രമല്ല, ഇമാം സുയൂത്വി(റ)യും വകീഅ്(റ)യും ഇമാം വർശുമടക്കം എത്രയോ പണ്ഡിത മഹത്തുക്കളുടെ സാന്നിധ്യം ആ മണ്ണിലുണ്ട്. ഈജിപ്തുകാരുടെ പതിവ് രീതിയനുസരിച്ച് വെള്ളിയാഴ്ചകളിൽ നടക്കാറുള്ള സിയാറത്തിനായി കൂടുതൽ ആളുകളെത്തുന്നത് ഇമാം ശാഫിഈ(റ) ന്റെ തിരുസന്നിധിയിലേക്കാണ്.
ചെറുപ്പം മുതൽ നമ്മൾ ശാഫിഈ മദ്ഹബുകാരാണെന്ന് പറയുമ്പോൾ, മഹാനവർകൾ എല്ലാ ദിവസവും ഖുർആൻ ഒരു തവണ പൂർണമായും റമസാനിൽ രണ്ട് തവണയും ഓതിത്തീർക്കാറുണ്ടായിരുന്നുവെന്ന ചരിത്രവും കേൾക്കുമ്പോൾ ആ തിരുസന്നിധിയിൽ എത്താൻ മനസ്സിൽ ആഗ്രഹിക്കാറുണ്ട്. ഇവിടെ മറ്റ് മഖാമുകളിൽ നിന്നും വ്യത്യസ്തമായി, ഗാഢമായ നിശബ്ദത ഘനീഭവിച്ചു നിൽക്കുന്ന അന്തരീക്ഷമാണ്. പള്ളിയിൽ നിന്ന് മഖാമിലേക്ക് പോകുന്ന വഴിയിലാണ് ശൈഖുൽ ഇസ്്ലാം സകരിയ്യൽ അൻസാരി(റ) അന്ത്യവിശ്രമം കൊള്ളുന്നത്. അവരോട് സലാം പറയാതെ ആരും ശാഫിഈ ഇമാമിന്റെ അടുക്കൽ പോകാറില്ല. ശാഫിഈ ഇമാമിലേക്കുള്ള കവാടമായിട്ടാണ് മഹാനവർകളെ ആളുകൾ കാണുന്നത്.
ഇമാം അബൂ ഹനീഫ(റ) വിടവാങ്ങിയ ഹിജ്‌റ 150ൽ തന്നെയാണ് ഇമാം ശാഫിഈ എന്ന പണ്ഡിതജ്യോതിസ്സിനെ ഇസ്്ലാമിക ലോകത്തിന് കനിഞ്ഞു കിട്ടിയത്. ലോക ഭൂപടമൊന്നാകെ വൈജ്ഞാനിക പ്രഭയിൽ പരിലസിക്കും വിധം ഒരു ഖുറൈശീ പണ്ഡിതൻ വരാനുണ്ടെന്ന മുത്ത് നബി(സ)യുടെ വചനത്തിന്റെ ഉൾസാരം ഒന്നര നൂറ്റാണ്ടിനു ശേഷം കടന്നു വന്ന ഇമാം ശാഫിഈ(റ)വാണെന്നാണ് ഭൂരിപക്ഷ പണ്ഡിതരുടെയും അഭിപ്രായം.
മഖാമിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ വലതുഭാഗത്താണ് ഇമാം ശാഫി(റ)ന്റെ മഖ്ബറയുള്ളത്. തൊട്ടടുത്ത്, മിസ്‌റിലേക്ക് ഇമാം വന്നപ്പോൾ സ്വീകരിച്ച അബ്ദുല്ലാഹിബ്‌നു അബ്ദുൽ ഹകം എന്ന പണ്ഡിതനും അവരുടെ കുടുംബാംഗങ്ങളും. പിന്നെ ആ കാലഘട്ടത്തിലെ ചില ഭരണാധികാരികളുടെ മഖാമുകളും കാണാം. ചുറ്റും ശാന്തമായ ഒരന്തരീക്ഷത്തിൽ ആളുകൾ ഒറ്റക്കും കൂട്ടമായും പ്രാർഥനയിലും ദിക്‌റുകളിലും മുഴുകിയിരിക്കുന്നു. നിസ്‌കാരത്തിന് അരമണിക്കൂർ മുമ്പേ മഖാം അടയ്ക്കുന്ന പതിവ് ഇവിടെയുണ്ട്.
മഖാമിലേക്ക് പ്രവേശിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ഇടതുവശത്തെ കവാടത്തിലൂടെ മുകളിലെ നിലയിലേക്ക് കയറിയാൽ ചെറിയൊരു മ്യൂസിയം കാണാം. ഇമാമിന്റെ പള്ളിയുടെയും മഖാമിന്റെയുമൊക്കെ നിർമാണത്തിനുപയോഗിച്ച കല്ലുകളുടെ പ്രത്യേകതകളും മനോഹരമായ അറബിക് കാലിഗ്രാഫികളും അവിടെ ദൃശ്യമാണ്. മഖാമിന്റെ ഏറ്റവും വലിയ ആകർഷണം ഖുബ്ബയുടെ മുകളിൽ ഒരു തോണിയുടെ മാതൃക രൂപപ്പെടുത്തിയിരിക്കുന്നതാണ്. “അറിവിന്റെ ഒരു കടലാണ് ഇമാം ശാഫിഈ(റ). അതിലൂടെയാണ് നാം നീന്തിക്കടക്കുന്നത്’ എന്ന മനോഹരമായ ആശയമാണ് ആ തോണി നമ്മോട് മൗനമായി സംസാരിക്കുന്നത്. മഗ്്രിബ് വാങ്കിനോടനുബന്ധിച്ച് മഖാം അടയ്ക്കുമ്പോഴാണ് ഞങ്ങൾ അവിടെ നിന്നും പിരിഞ്ഞത്.
നഫീസത്തുൽ മിസ്രിയ്യ ബീവി(റ)യുടെ മഖാമിലേക്ക് ഇവിടെ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരമേയുള്ളൂ. നടന്നോ ഓട്ടോയിലോ അങ്ങോട്ടെത്താം. ആളുകളുടെ ബഹളവും തിരക്കും മുന്നിലുണ്ടെങ്കിലും ബീവിയുടെ പള്ളിയും മഖാമും കാണുമ്പോൾ മനസ്സിൽ ഒരു സമാധാനം അനുഭവപ്പെടുന്നതുപോലെ തോന്നി. എല്ലാ സമയത്തും പള്ളിയിൽ ആളുകൾ ഖുർആൻ പാരായണത്തിലും ദിക്‌റുകളിലുമായി സമയം ചെലവഴിക്കുന്ന കാഴ്ചയാണ്.മഖാമിലേക്ക് പ്രവേശിക്കുന്ന വാതിലിനടുത്ത് വലതുഭാഗത്തായി, അൽപ്പം ഉയരത്തിൽ ബീവിയെക്കുറിച്ചുള്ള ഒരു ചെറിയ വിവരണം അറബിയിൽ കുറിച്ചുവെച്ചിട്ടുണ്ട്.
പേരുപോലെത്തന്നെ മിസ്‌റിലെ അമൂല്യ രത്‌നങ്ങളിലൊന്നായിരുന്നു നഫീസ്വത്തുൽ മിസ്രിയ്യ(റ). പാണ്ഡിത്യംകൊണ്ടും ഇലാഹീ അനുരാഗംകൊണ്ടും ഇസ്്ലാമിക ചരിത്രത്തിൽ തുല്യതയില്ലാത്തവിധം ഔന്നത്യങ്ങൾ താണ്ടിയ മഹാ പ്രതിഭ. സ്ത്രീ ചിന്തകളുടെ ഇടനാഴികളിൽ തസ്വവ്വുഫിനെ സജീവമാക്കിയ സൂഫീവനിത. ലോക ജനസഞ്ചയത്തിന് മാതൃകയാകുംവിധം ചരിത്രത്തിലൂടെ ഒറ്റയാനായി കടന്നുപോയ വിശുദ്ധ മഹിളാരത്‌നമായിരുന്നു മഹതി. ഹിജ്‌റ 145. റബീഉൽ അവ്വൽ പന്ത്രണ്ടിന്, ലോകമൊന്നടങ്കം പ്രവാചകരുടെ ജന്മദിനം ആഘോഷിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മഹതി ജനിക്കുന്നത്.
മറ്റു മഖാമുകളിലുള്ളതുപോലെ ഇവിടെ വിശാലമായ സ്ഥലമില്ലെങ്കിലും ആളുകൾ ബീവിയെ തവസ്സുലാക്കി തങ്ങളുടെ ആവശ്യങ്ങൾ അല്ലാഹുവിനോട് പറയാൻ അതീവ താത്പര്യം കാണിക്കുന്നത് കാണാം. ബൈത്തുകളും ഖുർആൻ പാരായണവുമായി അവിടെയുമൊരു ആത്മീയ അനുഭൂതി നിറഞ്ഞുനിൽക്കുന്നു. നാട്ടിലെ സാഹിത്യോത്സവ് വേദികളിൽ പലപ്പോഴും കേട്ട നഫീസത്ത് മാലയുടെ ഓർമയിൽ ഞാനുമവിടെ നിന്നൽപ്പം ചൊല്ലി.
പരിസരങ്ങളിൽ നിന്നും അൽപ്പം ദൂരത്തു നിന്നുപോലും മയ്യിത്തുകൾ ജനാസ നിസ്‌കാരത്തിനായി ബീവിയുടെ പള്ളിയിലേക്ക് കൊണ്ടുവരാറുണ്ട് എന്നതാണ് ഇവിടെയുള്ള പ്രത്യേകത. ഇമാം ശാഫിഈ (റ) തന്റെ ജനാസ നിസ്‌കരിക്കാൻ വേണ്ടി നഫീസ ബീവിയോട് വസിയ്യത്ത് ചെയ്യുകയും ബീവി അത് നിർവഹിക്കുകയും ചെയ്തുവെന്ന ചരിത്രമാണ് ഇതിന് നിദാനം. മയ്യിത്തുകൾ വരുന്ന സമയത്ത് ആളുകൾ ചുണ്ടുവിരലുകൾ ഉയർത്തിപ്പിടിക്കുന്ന ഒരു പ്രത്യേക കാഴ്ച കണ്ടു. അവസാനം അല്ലാഹു മാത്രമാണ് അവശേഷിക്കുന്നതെന്നുള്ള ഒരു മഹത്തായ സന്ദേശമാണ് അത് സൂചിപ്പിക്കുന്നത്. ഇശാഅ് നിസ്‌കാരവും കഴിഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്.





