Connect with us

From the print

ഹജ്ജ് രേഖകൾ സ്വീകരിക്കാൻ കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടർ; അവസാന തീയതി ഈ മാസം 25

കരിപ്പൂർ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജിയനൽ ഓഫീസിലും എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ രേഖകൾ സമർപ്പിക്കാം.

Published

|

Last Updated

കോഴിക്കോട് | അടുത്ത വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ രേഖകൾ സ്വീകരിക്കുന്നതിന് കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടറുകൾ. ഈ മാസം 24ന് രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെ കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ രേഖകൾ സ്വീകരിക്കും. 25ന് രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെ എറണാകുളം കലൂർ വഖ്ഫ് ബോർഡ് ഓഫീസ് കോൺഫറൻസ് ഹാളിലും രേഖകൾ സ്വീകരിക്കും. കരിപ്പൂർ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജിയനൽ ഓഫീസിലും എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ രേഖകൾ സമർപ്പിക്കാം. രേഖകൾ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25 ആണ്.

തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡുവായി 1,52,300 രൂപ ഈ മാസം 20നകം അടയ്ക്കണം. ഓരോ കവറിനും പ്രത്യേകം ബേങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേമെന്റ്സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയിലോ യൂനിയൻ ബേങ്ക് ഓഫ് ഇന്ത്യയിലോ പണമടയ്ക്കാവുന്നതാണ്. ഓൺലൈൻ ആയും പണമടയ്ക്കാം. പണമടയ്ക്കുന്നതിന് ഓരോ കവറിനും പ്രത്യേകം ബേങ്ക് റഫറൻസ് നമ്പറും പേരും രേഖപ്പെടുത്തിയ പേമെന്റ്സ്ലിപ്പ് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

പണമടച്ച രശീതി, മെഡിക്കൽ സ്‌ക്രീനിംഗ് ആൻഡ് ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് (ഗവ. മെഡിക്കൽ ഓഫീസർ- അലോപ്പതി പരിശോധിച്ചത്), ഹജ്ജ് അപേക്ഷാ ഫോറവും അനുബന്ധ രേഖകളും ഈ മാസം 25നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം. രേഖകൾ ഓൺലൈനായി സമർപ്പിക്കാനും സൗകര്യമുണ്ട്. ഇത് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐ ഡിയിൽ ലഭ്യമാകും. ലോഗിൻ ചെയ്ത് അപേക്ഷകർക്ക് തന്നെ അപ്‌ലോഡ് ചെയ്യാനുമാകും. നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ തിരഞ്ഞെടുപ്പ് മറ്റൊരറിയിപ്പും കൂടാതെ റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരെ പട്ടികയിലെ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കുന്നതുമാണ്.

തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആവശ്യമായ നിർദേശങ്ങളുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രെയിനർമാരുടെ സേവനം എല്ലാ ജില്ലകളിലും ലഭ്യമാണ്. ഹജ്ജ് കമ്മിറ്റിക്ക് മറ്റു ഏജൻസികളോ അനുബന്ധ സ്ഥാപനങ്ങളോ ഇല്ല. വ്യക്തികളോ സംഘടനകളോ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഹജ്ജ് കമ്മിറ്റി ഉത്തരവാദിയായിരിക്കില്ലെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.
ആവശ്യമായ നിർദേശങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രെയിനറുടെ സഹായം തേടുക. ഫോൺ: 0483-2710717, 2717572, 8281211786.

Latest