Kerala
പോലീസ് അതിക്രമത്തില്‍ പ്രതിഷേധം; സംസ്ഥാന വ്യാപകമായി ആശാ വര്‍ക്കര്‍മാര്‍ ഇന്ന് കരിദിനം ആചരിക്കും
ക്ലിഫ് ഹൗസിലേക്കുള്ള മാര്‍ച്ചിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അതിനിടെ വനിതാ നേതാക്കള്‍ക്കുനേരെ പോലീസ് ലാത്തി വീശിയതായും ആരോപണമുണ്ട്.

തിരുവനന്തപുരം| ക്ലിഫ് ഹൗസിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിനിടെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ആശാ വര്‍ക്കര്‍മാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ജില്ലാ ആസ്ഥാനങ്ങളില്‍ ആശമാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിക്കാന്‍ എത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.
ഇന്നലെ ക്ലിഫ്ഹൗസിലേക്കുള്ള മാര്‍ച്ചിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. അതിനിടെ വനിതാ നേതാക്കള്‍ക്കുനേരെ പോലീസ് ലാത്തി വീശിയതായും ആരോപണമുണ്ട്. സമരത്തിന്റെ ഭാഗമായി എത്തിച്ച മൈക്ക് സെറ്റ് ഉള്‍പ്പെടെ നീക്കം ചെയ്തതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.
ആശാ വര്‍ക്കര്‍മാരെ പിരിച്ചുവിടാനായി പോലീസ് അഞ്ച് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. കനത്ത മഴയേയും ജലപീരങ്കിയെയും അവഗണിച്ചുകൊണ്ട് ആശാ വര്‍ക്കര്‍മാര്‍ ക്ലിഫ് ഹൗസിന്റെ മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു. സമരം അനുവദിച്ചിരുന്ന സമയത്തിനും അപ്പുറത്തേക്ക് കടന്നുപോയതിനാലാണ് പോലീസ് നടപടി ഉണ്ടായതെന്നാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മാസങ്ങളായി സമരത്തിലാണ് ആശാ വര്‍ക്കര്‍മാര്‍.