Kerala
മലപ്പുറത്തെ സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ മുറിയില്‍ നിന്ന് 2.58 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
മലപ്പുറം കെ പുരം താമരക്കുളം സ്വദേശി ചെറുപുരക്കല്‍ ഹസ്‌കര്‍ ആണ് പിടിയിലായത്.

മലപ്പുറം| മലപ്പുറത്തെ സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ മുറിയില്‍ നിന്ന് 2.58 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മലപ്പുറം കെ പുരം താമരക്കുളം സ്വദേശി ചെറുപുരക്കല്‍ ഹസ്‌കര്‍ (37) ആണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ടൂറിസ്റ്റ് ഹോമിലെത്തി പരിശോധന നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി.
മലപ്പുറം ഡിവൈഎസ്പി പി പ്രമോദിന്റെ നിര്‍ദേശപ്രകാരമാണ് താനൂര്‍ പോലീസ് സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ പരിശോധനക്കെത്തിയത്. താനൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ ടി ബിജിത്ത്, എസ് ഐ സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. ഇന്‍സ്പെക്ടര്‍ കെ ടി ബിജിത്തിനാണ് കേസിന്റെ അന്വേഷണ ചുമതല. എ എസ് ഐ നിഷ, സി പി ഒമാരായ അനീഷ്, അനില്‍ കുമാര്‍, മുസ്തഫ, ബിജോയ്, പ്രബീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.