Connect with us

National

ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണല്‍; ആദരിച്ച് സൈന്യം

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ്, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി എന്നിവര്‍ ചേര്‍ന്ന് ബഹുമതി കൈമാറി

Published

|

Last Updated

ന്യൂഡല്‍ഹി| ജാവലിന്‍ ത്രോ താരവും ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവുമായ നീരജ് ചോപ്രയ്ക്ക് ഇന്ത്യന്‍ സൈന്യം ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ്, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി എന്നിവര്‍ ചേര്‍ന്ന് ബഹുമതി കൈമാറി. കായികമേഖലയില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് നീരജിന് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്.

2016 ഓഗസ്റ്റ് 26ന് നായിബ് സുബേദാര്‍ റാങ്കിലാണ് നീരജ് സൈന്യത്തില്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറായി ചേര്‍ന്നത്. 2024 ല്‍ സുബേദാര്‍ മേജര്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. സ്ഥിരോത്സാഹത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും പ്രതീകമാണ് നീരജ് ചോപ്രയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നീരജിന്റെ കുടുംബം എത്തിയിരുന്നു.

കായിക മേഖലയിലെ നേട്ടങ്ങള്‍ക്ക് അംഗീകാരമായി ഖേല്‍ രത്‌ന, പദ്മശ്രീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം നീരജ് ചോപ്രയെ ആദരിച്ചിരുന്നു. 2018 ല്‍ അര്‍ജുന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2020ലെ ടോക്യോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയതിന് പിന്നാലെ 2022 ജനുവരിയില്‍ രജ്പുത്താന റൈഫിള്‍സ് നീരജിന് പരം വിശിഷ്ട സേവ മെഡലും സമ്മാനിച്ചിരുന്നു.

 

 

Latest