Connect with us

Kerala

സ്മാര്‍ട്ട് സിറ്റിയെ ഞെക്കിക്കൊന്നു: പി കെ കുഞ്ഞാലിക്കുട്ടി

സ്മാര്‍ട്ട് സിറ്റിയെ മികച്ചതാക്കാനുള്ള പദ്ധതികള്‍ ആലോചിക്കുന്നതിനു പകരം നഷ്ടപരിഹാരം നല്‍കി ഒഴിവാക്കുന്നത് പരാജയം പൂര്‍ണമായി സമ്മതിക്കുന്നതാണ്.

Published

|

Last Updated

മലപ്പുറം | സ്മാര്‍ട്ട് സിറ്റിയെ ഞെക്കിക്കൊന്നിരിക്കുകയാണ് സര്‍ക്കാരെന്നും വിചിത്രമായ തീരുമാനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ആന്റണി മന്ത്രിസഭയുടെ കാലത്താണ് സ്മാര്‍ട്ട് സിറ്റി പദ്ധതി ആരംഭിക്കുന്നത്. അന്നത്തെ വ്യവസായ ഐ ടി വകുപ്പ് മന്ത്രി എന്ന നിലയില്‍ തുടക്കം തന്നെ ഇതിനെ കുറിച്ച് അറിയാം. വലിയ പ്രതീക്ഷയിലാണ് കൊണ്ടുവന്നത്. അക്കാലത്ത് തന്നെയാണ് ഇന്‍ഫോ പാര്‍ക്കും ആരംഭിക്കുന്നത്. പത്തുമാസത്തിനുള്ളിലാണ് അതിന്റെ പ്രവൃത്തിയെല്ലാം പൂര്‍ത്തിയാക്കി ഇന്‍വെസ്റ്റ്‌മെന്റ് കൊണ്ടുവന്നത്.

ഇന്റര്‍സിറ്റി ദുബൈയില്‍ ഉള്ളത് പോലെ മലയാളികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടിയാണ് സ്മാര്‍ട്ട് സിറ്റി ആരംഭിക്കുന്നത്. വലിയ മുന്നേറ്റം നടത്താനായി. നിരവധി പേര്‍ക്ക് ജോലിയും ലഭിച്ചു. പിന്നീട് വന്ന ഇടത് സര്‍ക്കാര്‍ ഇതിനോട് കാണിച്ച സമീപനം തീര്‍ത്തും നിരാശാജനകമായിരുന്നു. ഇടത് ഭരണത്തില്‍ പദ്ധതി മുടന്തി മുടന്തി നീങ്ങുന്നതാണ് കണ്ടത്. പിന്നീട് വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതിക്ക് വീണ്ടും ജീവന്‍ വെപ്പിച്ചത്.

യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ചെയ്തതല്ലാതെ പിന്നെ ഒന്നും ഉണ്ടായില്ല. ഇപ്പോള്‍ അവരെ നഷ്ടപരിഹാരം കൊടുത്ത് ഒഴിവാക്കുകയാണെന്നാണ് അറിയാന്‍ കഴിയുന്നത്. സ്മാര്‍ട്ട് സിറ്റിയെ മികച്ചതാക്കാനുള്ള പദ്ധതികള്‍ ആലോചിക്കുന്നതിനു പകരം നഷ്ടപരിഹാരം നല്‍കി ഒഴിവാക്കുന്നത് പരാജയം പൂര്‍ണമായി സമ്മതിക്കുന്നതാണ്. ഇത്തരം പദ്ധതികളോടും ഇന്‍വെസ്റ്റ്‌മെന്റുകളോടും ഇടതുസര്‍ക്കാര്‍ സ്വീകരിച്ച സമീപനമാണ് ഈ അവസ്ഥക്ക് കാരണം.

കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക്, ഇന്‍ഫോസിസ്, വിപ്രോ എന്നിവയെല്ലാം യു ഡി എഫ് കൊണ്ടുവന്നതാണ്. ആ സമയത്ത് തന്നെയാണ് സ്മാര്‍ട്ട് സിറ്റിയും കൊണ്ടുവന്നത്. എന്നാല്‍, ഇടത് സര്‍ക്കാരിന്റെ അനാസ്ഥ സ്മാര്‍ട്ട് സിറ്റിയെ ഇല്ലാതാക്കിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Latest