Connect with us

local body election 2025

കാളികാവ് പഞ്ചായത്തില്‍ നാല് വാർഡിൽ ആറ് "ചേരിപ്പലം' പോരാളികൾ

യു ഡി എഫിനും എൽ ഡി എഫിനും വേണ്ടിയാണ് ചേരിപ്പലം വാർഡിലെ ആറ് പേരും മത്സരിക്കുന്നത്.

Published

|

Last Updated

കാളികാവ് | ഗ്രാമപഞ്ചായത്തിലെ നാല് വാർഡുകളിലേക്ക് ചേരിപ്പലത്ത് നിന്ന് ആറ് സ്ഥാനാർഥികൾ മത്സരരംഗത്ത്. യു ഡി എഫിനും എൽ ഡി എഫിനും വേണ്ടിയാണ് ചേരിപ്പലം വാർഡിലെ ആറ് പേരും മത്സരിക്കുന്നത്. സീനിയർ നേതാക്കളും പരിചയ സമ്പന്നരുമായവരാണ് ഇവരിൽ എല്ലാവരും.

ചേരിപ്പലത്തിന് പുറമേ പൂങ്ങോട്, ചിറ്റയിൽ, ഐലാശ്ശേരി എന്നീ വാർഡുകളിലും മത്സരിക്കുന്ന പ്രധാന സ്ഥാനാർഥികൾ ചേരിപ്പലത്ത് നിന്നാണ്. ചേരിപ്പലം വാർഡ് അംഗമായ ഉമ്മുഹബീബ കത്രിക ചിഹ്നത്തിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായി ചിറ്റയിൽ വാർഡിൽ നിന്ന് മത്സരിക്കുന്നു. ഉമ്മു ഹബീബ പഞ്ചായത്തംഗം എന്ന നിലയിൽ പരിചയ സമ്പന്നയാണ്.

ഉമ്മു ഹബീബയുടെ ഭർത്താവ് റിയാസ് പാലോളി എൽ ഡി എഫ് സ്ഥാനാർഥിയായി ചേരിപ്പലം വാർഡിൽ നിന്ന് അരിവാൾ ചുറ്റിക നക്ഷത്ര അടയാളത്തിലും മത്സരിക്കുന്നു. കെ കെ മുഹമ്മദ് എന്ന കുഞ്ഞാപ്പ യു ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായി കുട അടയാളത്തിലും പോരാട്ടം നടത്തുന്നു. പൂങ്ങോട് വാർഡിൽ കോൺഗ്രസ്സ് നേതാവ് എൻ സവാദ് യു ഡി എഫ് സ്ഥാനാർഥിയായി കൈപ്പത്തി അടയാളത്തിലാണ് മത്സരിക്കുന്നത്. എതിരാളിയായി സി പി എമ്മിലെ തല മുതിർന്ന നേതാക്കളിലൊരാളായ പൂളക്കൽ കരീം എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മൊബൈൽ ഫോൺ അടയാളത്തിലുമാണ് പോരിനിറങ്ങിയിരിക്കുന്നത്.ഐലാശ്ശേരി വാർഡിൽ നിന്ന് കൈപ്പത്തി ചിഹനത്തിൽ യു ഡി എഫ് സ്ഥാനാർഥിയായി വി പി സന്ധ്യയും മത്സരിക്കുന്നു.

സന്ധ്യ ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തിരുന്ന് പരിചയ സമ്പന്നയാണ്. മറ്റുള്ള നാല് പേരും പുതുമുഖങ്ങളാണെങ്കിലും പാർട്ടി രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളവരാണ് എന്ന പ്രത്യേകത കൂടി ഉണ്ട്. എല്ലാവരുടെയും പ്രധാന പ്രവർത്തന കേന്ദ്രം പൂങ്ങോട് അങ്ങാടിയാണ്. പോരാട്ടം കനത്തിട്ടുണ്ടെങ്കിലും സൗഹാർദം വെടിയില്ലെന്ന് സ്ഥാനാർഥികൾ പറഞ്ഞു.

Latest