Kerala
കേരള തീരത്തെ കപ്പല്‍ അപകടങ്ങള്‍; മത്സ്യത്തില്‍ രാസ സാന്നിധ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ആലപ്പുഴയില്‍ ഡോള്‍ഫിന്റെയും തിമിംഗലത്തിന്റെയും ജഡം കരയ്ക്കടിഞ്ഞതില്‍ പഠനം നടത്തിയില്ല

ന്യൂഡല്‍ഹി | കപ്പല്‍ അപകടങ്ങളെ തുടര്‍ന്ന് കടല്‍ വെള്ളത്തിന്റെയും മത്സ്യത്തിന്റെയും സാമ്പിളുകളുടെ പ്രാഥമിക പരിശോധനയില്‍ എണ്ണയുടെ അംശംമില്ലെന്നും, അപകടകരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കെസി വേണുഗോപാല്‍ എംപിയെ രേഖാമൂലം അറിയിച്ചു. പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് കേന്ദ്ര ഫിഷറീസ് മന്ത്രാലയം മറുപടി നല്‍കിയത്.
വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ പരിശോധനയിലാണ് ഇതുകണ്ടെത്തിയത്. എറണാകുളം, ആലപ്പുഴ, കൊല്ലം തുടങ്ങിയ തീരങ്ങളില്‍ നിന്നുള്ള മത്സ്യ സാമ്പിളുകള്‍ ഉപഭോഗത്തിന് സുരക്ഷിതമാണെന്നും ഫിഷറീസ് മന്ത്രാലയം കെസി വേണുഗോപാലിനെ അറിയിച്ചു.
ആലപ്പുഴ ജില്ലയില്‍ നാലു ഡോള്‍ഫിന്റെയും ഒരു തിമിംഗലത്തിന്റെയും ജഡങ്ങള്‍ കരയ്ക്കടിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതായി അറിയിച്ച കേന്ദ്രസര്‍ക്കാര്‍ ഇതിന്റെ കാരണം എന്താണെന്ന് കണ്ടെത്താന്‍ ഒരു പഠനവും കേന്ദ്രം നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി.
അപകടത്തെ തുടര്‍ന്നുള്ള മത്സ്യബന്ധന നിരോധനം കാരണം 106.51 കോടി രൂപയുടെ വരുമാന നഷ്ടം റിപ്പോര്‍ട്ട് ചെയ്തതായി കേരളം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.എന്നാല്‍ ഇടക്കാല ആശ്വാസം എന്നനിലയില്‍ സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ (എസ്ഡിആര്‍എഫില്‍) നിന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 1000 രൂപയുടെ ധനസഹായവും, 6 കിലോ അരിയും മാത്രമാണ് നല്‍കിയത്. കേന്ദ്രസഹായം ഒന്നും മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചില്ല.