Uae
ദുബൈയുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കാൻ 'അൽ മക്തൂം സർക്യൂട്ട്'
പുതിയ സംരംഭം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിൻ റാശിദ്
ദുബൈ |ദുബൈയുടെ ചരിത്രവും പൈതൃകവും ഭാവി തലമുറകൾക്കായി സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന പൈതൃക സംരംഭത്തിന് ദുബൈയിൽ തുടക്കം. “അൽ മക്തൂം സർക്യൂട്ട്’ എന്ന പേരിലുള്ള പദ്ധതി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് ഇന്നലെ പ്രഖ്യാപിച്ചത്. നഗരത്തിന്റെ ശ്രദ്ധേയമായ യാത്ര, അതിന്റെ നാഴികക്കല്ലുകൾ, നേതൃത്വം, മേഖലക്കും ലോകത്തിനും നൽകിയ സംഭാവനകൾ എന്നിവ എടുത്തു കാണിക്കുന്ന പദ്ധതിയാണ് ഇത്.
“ചരിത്രം സംരക്ഷിക്കുക, ഓർമകൾ ദൃഢമാക്കുക, നമ്മുടെ യാത്രയുടെ പൂർണമായ കഥ ഭാവി തലമുറകൾക്കും ലോകത്തിനും വേണ്ടി വിവരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.’ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം വ്യക്തമാക്കി.
“അൽ മക്തൂം സർക്യൂട്ട് ഒരു പുതിയ സ്ഥാപനമായല്ല സ്ഥാപിക്കുന്നത്, മറിച്ച് ദുബൈയുടെ കഥ പറയുന്നതിനും അതിന്റെ വ്യക്തിത്വം സംരക്ഷിക്കുന്നതിനും വേണ്ടിയുള്ളതാണ്. ദുബൈയുടെ പൈതൃകം സംരക്ഷിക്കുക, അത് ആർക്കൈവ് ചെയ്യുക, പങ്കുവെക്കുക എന്നിവയാണ് ലക്ഷ്യം. ചരിത്രം കേവലം ഭൂതകാലം മാത്രമല്ല. വലിയ ഒരു നാളെയെ കെട്ടിപ്പടുക്കാൻ നമ്മൾ നോക്കുന്ന കണ്ണാടിയാണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു.
ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ എക്‌സിക്യൂട്ടീവ് ഓഫീസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അൽ മക്തൂം ആർക്കൈവ്‌സ് കോർപറേഷനാണ് ഈ സംരംഭത്തിന് മേൽനോട്ടം വഹിക്കുന്നത്. കഴിഞ്ഞ ഡിസംബർ 20-നാണ് ദുബൈ ഭരണാധികാരി അൽ മക്തൂം ആർക്കൈവ്‌സ് സ്ഥാപിച്ചത്. പ്രഖ്യാപന ചടങ്ങിൽ ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അടക്കം പ്രമുഖർ സംബന്ധിച്ചു.



