Kerala
തദ്ദേശ തെരഞ്ഞെടുപ്പ്: 2020 നേക്കാള്‍ പോളിംഗ് കുറവ്; അന്തിമ പോളിംഗ് ശതമാനം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്.
തിരുവനന്തപുരം| സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ അന്തിമ പോളിംഗ് കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്ത് 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020നേക്കാള്‍ കുറവ് പോളിംഗ് ശതമാനമാണിത്. 2020ല്‍ 75. 95 ശതമാനമായിരുന്നു പോളിംഗ്.
സംസ്ഥാനത്ത് ആകെ 2,10,79,021 പേര്‍ വോട്ടു ചെയ്തു. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ 9നായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടത്തില്‍ 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് രണ്ടാം ഘട്ട പോളിംഗ് നടന്നത്. രണ്ടാം ഘട്ടത്തില്‍ 76.08 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഇവിടെ 78.29 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇവിടെ ആകെ 6,47,378 പേരില്‍ 5,06,823 പേര്‍ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്. പത്തനംതിട്ടയില്‍ 66.78 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.
ഏറ്റവും ഉയര്‍ന്ന പോളിംഗില്‍ രണ്ടാമത് മലപ്പുറം ജില്ലയാണ്. ഇവിടെ 77.37 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മൂന്നാമതായി കോഴിക്കോട് ജില്ലയാണ്. 77.27 ശതമാനം പോളിംഗാണ് കോഴിക്കോട് രേഖപ്പെടുത്തിയത്. കണ്ണൂര്‍, പാലക്കാട് ജില്ലകളാണ് തൊട്ടുപിന്നില്‍. കണ്ണൂര്‍ ജില്ലയില്‍ 76.77 ശതമാനവും പാലക്കാട് 76.27 ശതമാനം വോട്ടും രേഖപ്പെടുത്തി. കാസര്‍കോട് 74.89, എറണാകുളം 74.57, ആലപ്പുഴ 73.82, തൃശൂര്‍ 72.48, ഇടുക്കി 71.78, കൊല്ലം 70.35, കോട്ടയം 70.86, തിരുവനന്തപുരം 67.78 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്.



