Connect with us

International

യു കെയില്‍ ഇന്ത്യന്‍ വംശജയെ വംശീയമായി അധിക്ഷേപിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു

കഴിഞ്ഞ രണ്ട് മാസത്തിനിടെ വെസ്റ്റ് മിഡ്ലാന്‍ഡ്സില്‍ 20 വയസുള്ള രണ്ട് യുവതികള്‍ പീഡനത്തിന് ഇരയായിരുന്നു

Published

|

Last Updated

ലണ്ടന്‍ | ഇന്ത്യന്‍ വംശജയായ 20 കാരിയെ ബ്രിട്ടനില്‍ വംശീയമായി അധിക്ഷേപിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതായി ആരോപണം. വെസ്റ്റ് മിഡ്ലാന്‍ഡില്‍ നടന്ന സംഭവത്തില്‍ സി സി ടി വിയില്‍ പതിഞ്ഞ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു. കഴിഞ്ഞ രണ്ട് മാസത്തിനിടെ വെസ്റ്റ് മിഡ്ലാന്‍ഡ്സില്‍ 20 വയസുള്ള രണ്ട് യുവതികള്‍ പീഡനത്തിന് ഇരയായിരുന്നു. അക്രമികളെ അടിയന്തരമായി കണ്ടെത്തണമെന്ന് യു കെയിലെ സിഖ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളെല്ലാം നടക്കുന്നുണ്ടെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന മുതിര്‍ന്ന പോലീസ് ഓഫീസര്‍ റോണന്‍ ടൈറര്‍ പറഞ്ഞു. യുവതിക്കെതിരെ ഭയാനകമായ ആക്രമണമാണ് നടന്നതെന്ന് പോലീസ് പറഞ്ഞു. വാല്‍സലിലെ പാര്‍ക്ക് ഹാള്‍ പ്രദേശത്ത് ഒരു സ്ത്രീ നടുറോഡില്‍ കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതോടെയാണ് സംഭവം പുറത്തു വന്നത്.

പരിസരപ്രദേശങ്ങളിലെ സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 30 വയസ് തോന്നിക്കുന്ന യുവാവിന്റെ ചിത്രങ്ങള്‍ പോലീസ് കണ്ടെത്തി. അക്രമി ഇരുണ്ട വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. പ്രതിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പ്രദേശവാസികളോട് പോലീസ് അഭ്യര്‍ഥിച്ചു. പ്രതിയെ എത്രയും വേഗം കസ്റ്റഡിയിലെടുക്കാന്‍ കഴിയുന്ന തരത്തില്‍ തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. പല തരത്തിലുള്ള അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. പ്രദേശത്ത് സംശയകരമായി പെരുമാറിയ ആരെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് അറിയേണ്ടത് അത്യാവശ്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest