National
നാളെ മുതല്‍ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം
രാജ്യവ്യാപകമായി നടപ്പാക്കുന്ന എസ് ഐ ആര്‍ ഷെഡ്യൂള്‍ കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി | നാളെ മുതല്‍ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ് ഐ ആര്‍) നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യവ്യാപകമായി നടപ്പാക്കുന്ന എസ് ഐ ആര്‍ ഷെഡ്യൂള്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു. നാളെ മുതല്‍ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കും. ബീഹാറില്‍ ആദ്യഘട്ട എസ് ഐ ആര്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇത് സംബന്ധിച്ച് വിശദമായ ചര്‍ച്ച പിന്നീട് നടത്തി. ഒരു അപ്പീല്‍ പോലും ബീഹാറില്‍ ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
1951 മുതല്‍ 2004 വരെ എട്ടുതവണ രാജ്യത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടന്നു. രാജ്യവ്യാപക എസ്‌ഐ ആറിനുള്ള നടപടിക്രമങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും. ഓണ്‍ലൈനായും അപേക്ഷ പൂരിപ്പിക്കാം. ബി എല്‍ ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാളെ മുതല്‍ പരിശീലനം തുടങ്ങും. രാഷ്ട്രീയ പാര്‍ട്ടികളുമായി എസ് ഐ ആര്‍ സംബന്ധിച്ച് സി ഇ ഒമാര്‍ ചര്‍ച്ച നടത്തി വിശദീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദേശിക്കുന്ന ബൂത്ത് തല ഏജന്റുമാര്‍ക്കും പരിശീലനം നല്‍കുമെന്നും ഗ്യാനേഷ് കുമാര്‍ വിശദമാക്കി.
കേരളം അടക്കം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന സൂചന കമ്മീഷന്‍ നേരത്തെ നല്കിയിരുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ എസ് ഐ ആര്‍ അതുവരെ നീട്ടി വയ്ക്കണം എന്ന് സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികള്‍ നിര്‍ദ്ദേശിച്ചിരുന്നു.


