Connect with us

National

മധ്യപ്രദേശില്‍ യുവ കര്‍ഷകനെ ബി ജെ പി നേതാവ് തല്ലിയും വാഹനം കയറ്റിയും കൊന്നു

കൃഷിഭൂമി തുച്ഛമായ വിലക്ക് കൈമാറാന്‍ തയ്യാറാവാത്തതിനാണ് കൊല

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഗണേഷ്പുര ഗ്രാമത്തില്‍ യുവ കര്‍ഷകനെ ബി ജെ പി നേതാവും സംഘവും അടിച്ചും വാഹനം കയറ്റിയും കൊന്നു. ബി ജെ പി ബൂത്ത് പ്രസിഡന്റും ഗുണയിലെ കിസാന്‍ മോര്‍ച്ചാ മുന്‍ ഭാരവാഹിയുമായ മഹേന്ദ്ര നാഗറും സംഘവുമാണ് 40കാരനായ രാംസ്വരൂപ് ധകഡിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളുടെ കൃഷിഭൂമി തുച്ഛമായ വിലക്ക് ബി ജെ പി നേതാവിന് വില്‍ക്കാന്‍ തയ്യാറാകാത്തതിന്റെ പേരിലാണ് കൊല നടത്തിയത്.

രാംസ്വരൂപും ഭാര്യയും വയലിലൂടെ നടക്കുമ്പോള്‍ മഹേന്ദ്രനാഗറും 14 പേരടങ്ങുന്ന സംഘവും ഇവരെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷി പോലീസിനോട് പറഞ്ഞു. വടികളും ഇരുമ്പു കമ്പികളും കൊണ്ട് കര്‍ഷകനെ ആക്രമിച്ച ഇവര്‍ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കുകയും ചെയ്തു.

ആക്രമണം കണ്ട് പിതാവിനെ രക്ഷിക്കാനെത്തിയ രാംസ്വരൂപിന്റെ പെണ്‍മക്കള്‍ക്കും മര്‍ദനമേറ്റു. ഗ്രാമവാസികളുടെ മുന്നിലിട്ട് ഇവരെയും പ്രതികള്‍ വലിച്ചിഴച്ച് മര്‍ദിച്ചു. ആയുധധാരികളായ പ്രതികള്‍ നാട്ടുകാരെ ഭയപ്പെടുത്താന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തുവെന്നും ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. മഹേന്ദ്ര, ഹരീഷ്, ഗൗതം എന്നിവരുടെ നേതൃത്വത്തിലാണ് സംഘം അച്ഛനെ ആക്രമിതെന്ന് രാംസ്വരൂപിന്റെ മക്കള്‍ പറഞ്ഞു. തുടര്‍ന്ന്, അച്ഛന്റെ ദേഹത്തുകൂടി വാഹനം ഓടിച്ചുകയറ്റുകയും ചെയ്തു. സംഘം കൊലവിളി നടത്തി ആക്രോശിക്കുമ്പോള്‍ രക്ഷിക്കാന്‍ ആരും വന്നില്ലെന്നു അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു മണിക്കൂറോളം രാംസ്വരൂപ് ചോരയില്‍ കുളിച്ച് പാടത്ത് കിടന്നു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് പ്രതിയും കൂട്ടരും തോക്ക് ചൂണ്ടി തടഞ്ഞെന്ന് നാട്ടുകാര്‍ പറയുന്നു. ഒടുവില്‍ ഗുണ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗണേശ്പുരയില്‍ മഹേന്ദ്ര നാഗറിന്റെ വിളയാട്ടമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാളുടെ പേര് കേട്ടാല്‍ ആളുകള്‍ പേടിക്കുമെന്ന് ഗ്രാമവാസികള്‍ പറയുന്നു. ആരും ഇയാള്‍ക്കെതിരെ സംസാരിക്കാന്‍ ധൈര്യപ്പെടുന്നില്ല. വര്‍ഷങ്ങളായി ഇയാള്‍ ഭൂമി കൈയടക്കിവരികയാണെന്ന് ഗ്രാമീണര്‍ പറഞ്ഞു. കുറഞ്ഞത് 25 കര്‍ഷകരെങ്കിലും തങ്ങളുടെ ഭൂമി തുച്ഛമായ വിലയ്ക്ക് വിറ്റ് ഓടിപ്പോയി. എതിര്‍ക്കുന്നവരെ തല്ലുകയോ പുറത്താക്കുകയോ ചെയ്യുകയാണ് മഹേന്ദ്രയുടെ രീതി. എന്നാല്‍ ഇതിന് രാംസ്വരൂപ് തയാറാവാതിരുന്നതാണ് കൊലക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.