National
മോന്‍ത ചുഴലിക്കാറ്റ്: ആന്ധ്രയിലെയും ഒഡിഷയിലെയും തമിഴ്‌നാട്ടിലെയും തീരദേശ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
വിവിധ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത
ന്യൂഡല്‍ഹി | ബംഗാള്‍ ഉള്‍ക്കടലില്‍ മോന്‍ത ചുഴലിക്കാറ്റ് രൂപപ്പെട്ടത്തോടെ വിവിധ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത. ആന്ധ്രയിലെയും ഒഡിഷയിലെയും തമിഴ്‌നാട്ടിലെയും തീരദേശ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കന്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ ചെന്നൈ അടക്കം വടക്കന്‍ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
മോന്‍തയെ നേരിടാന്‍ മുന്നൊരുക്കത്തിലാണ് രാജ്യത്തിന്റെ കിഴക്കന്‍ തീരം. നാളെ രാവിലെ തീവ്ര ചുഴലിക്കാറ്റ് ആയി മാറുന്ന മോന്‍ത, വൈകീട്ടോടെ പരമാവധി 110 കിലോമീറ്റര്‍ വേഗത്തില്‍ ആന്ധ്രാ തീരത്തെ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയില്‍ കക്കിനഡയുടെ സമീപം കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആന്ധ്രയിലും തെക്കന്‍ ഒഡിഷയിലും തമിഴ്‌നാട്ടിലെ വടക്കന്‍ ജില്ലകളിലും രാവിലെ തുടങ്ങിയ മഴയ്ക്കു ശമനമായിട്ടില്ല.
മോന്‍തയെ നേരിടാന്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആന്ധ്രയിലെ 14 ജില്ലകളില്‍ ബുധനാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. കക്കിനഡ, ഈസ്റ്റ് ഗോദാവരി, കോനസീമ, എളുരു, വെസ്റ്റ് ഗോദാവരി, കൃഷ്ണ തുടങ്ങിയ ജില്ലകളില്‍ ഒക്ടോബര്‍ 31 വരെ സ്‌കൂളുകളും കോളജുകളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികളോട് വീടുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ ഒന്‍പതും ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴും യൂണിറ്റുകളെ വിവിധ ജില്ലകളിലേക്ക് അയച്ചു. ഗര്‍ഭിണികളെയും മുതിര്‍ന്ന പൗരന്മാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
വിവിധ ജില്ലകളില്‍ താത്കാലിക ഹെലിപ്പാഡുകള്‍ തുറക്കുകയും സൈന്യത്തോട് സജ്ജരായിരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തതായി പ്രധാനമന്ത്രിയുമായി സംസാരിച്ചതിനു ശേഷം ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു. പശ്ചിമ ബംഗാള്‍ തീരം വരെ മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്.


