Kerala
ലൈംഗിക പീഡന കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരായ കേസിന്റെ വിവരം അന്വേഷണ സംഘം സ്പീക്കറെ അറിയിക്കും
ഈ മാസം 15 -ന് നിയസഭാ സമ്മേളനം നടക്കാനിരിക്കെയാണ് നീക്കം

തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ പ്രതിയായ ലൈംഗിക പീഡന കേസിന്റെ വിവരം അന്വേഷണ സംഘം സ്പീക്കറെ അറിയിക്കും. നിലവില്‍ എടുത്തിരിക്കുന്ന കേസിന്റെ വിവരങ്ങളാണ് സ്പീക്കറുടെ ഓഫീസിന് കൈമാറുക.
ഈ മാസം 15 -ന് നിയസഭാ സമ്മേളനം നടക്കാനിരിക്കെയാണ് നീക്കം. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സ്പീക്കറുടെ ഓഫീസിനു ലഭിച്ചാല്‍ സ്പീക്കര്‍ കക്ഷി നേതാക്കളുമായും മറ്റും ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തും. രാഹുലിനെ കോണ്‍ഗ്രസ് സഭാ കക്ഷിയില്‍ നിന്നു നീക്കിയതായി പ്രഖ്യാപിച്ചിരുന്നു. ഗര്‍ഭച്ഛിദ്രത്തിനു നിര്‍ബന്ധിക്കലും കൊലപാതക ഭീഷണിയും അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ രാഹുല്‍ സഭയില്‍ എത്തിയാല്‍ പ്രതിഷേധിക്കുമെന്നു ഭരണ പക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്.
ഭരണ പക്ഷത്തെ ചിലരുടെ പേരില്‍ നേരത്തെ ഉയര്‍ന്ന ആരോപണങ്ങള്‍ ഉയര്‍ത്തി ഈതിനെ നേരിടാനാണ് പ്രതിപക്ഷ നീക്കം. ഇരകളാരും പരാതി നല്‍കിയിട്ടില്ലെന്ന വാദമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ഇതിനിടെ ഗര്‍ഭചിദ്രം നടത്താന്‍ പ്രേരിപ്പിച്ചെന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുക്കും. നാല് വനിത മാധ്യമപ്രവര്‍ത്തകരുടെ മൊഴിയാണ് രേഖപ്പെടുത്തുക. സംസ്ഥാന പോലീസ് മേധാവിക്ക് ഇമെയിലിലൂടെ ലഭിച്ച പത്ത് പരാതികളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.