high level meeting
രാഷ്ട്രീയ സാഹചര്യം സുരക്ഷിതമാക്കുന്നു; മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു
തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മുന്‍കരുതല്‍

തിരുവനന്തപുരം | ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം സുരക്ഷിതമാക്കുന്നതിനായി ഉന്നത തലങ്ങളില്‍ നീക്കം.
മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത് ഈ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന യോഗത്തില്‍ സംസ്ഥാന െേപാലീസ് മേധാവിക്കൊപ്പം എ ഡി ജിപിമാരും പങ്കെടുക്കും. തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ അജണ്ടയില്ലാതെയാണ് യോഗം ചേരുന്നത്. പ്രകൃതി ദുരന്തങ്ങള്‍ നേരിടാനുള്ള തയാറെടുപ്പുകളും യോഗത്തില്‍ ചര്‍ച്ചയാകും.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഘട്ടത്തില്‍ ചില മണ്ഡലങ്ങളില്‍ വര്‍ഗീയ ചേരിതിരിവിനുള്ള ആസൂത്രിതമായ നീക്കം നടന്നതായി പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ശക്തമായ ധ്രുവീകരണം നിലനില്‍ക്കുന്നതായും സൂചനയുണ്ട്. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോടെ ഇത്തരം ധ്രൂവീകരണം ഏറ്റുമുട്ടലിലേക്കോ കലാപത്തിലേക്കോ നീങ്ങിയേക്കുമെന്ന ആശങ്കയുടെ പശ്ചാലത്തില്‍ കൂടിയാണ് സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നത്.