Connect with us

International

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് എസ് സി ഒ ഉച്ചകോടി; ഭീകരതയ്ക്കെതിരെ ഇരട്ടത്താപ്പ് പാടില്ലെന്ന ഇന്ത്യൻ നിലപാടിന് പിന്തുണ

ഗസ്സയിൽ ഇസ്റാഈൽ നടത്തുന്ന സൈനികാക്രമണങ്ങളെയും എസ്‌സി‌ഒ അംഗരാജ്യങ്ങൾ അപലപിച്ചു

Published

|

Last Updated

ടിയാൻജിൻ | ജമ്മു-കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സി‌ഒ) ശക്തമായി അപലപിച്ചു. ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ ‘ഇരട്ടത്താപ്പ്’ അംഗീകരിക്കാനാവില്ലെന്ന ഇന്ത്യയുടെ നിലപാടിന് ഉച്ചകോടി പൂർണ്ണ പിന്തുണ നൽകി.

രണ്ട് ദിവസത്തെ എസ്‌സി‌ഒ ഉച്ചകോടിയുടെ സമാപനത്തിൽ പുറത്തിറക്കിയ പ്രഖ്യാപനത്തിലാണ് ഭീകരവാദത്തിനെതിരെയുള്ള സംഘടനയുടെ ശക്തമായ നിലപാട് വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ തുടങ്ങി നിരവധി ലോക നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

മേഖലയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്ത പ്രഖ്യാപനത്തിൽ, ഭീകരവാദത്തെ ഒരു പ്രധാന വെല്ലുവിളിയായിട്ടാണ് കണക്കാക്കുന്നത്. ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ അംഗരാജ്യങ്ങൾ ശക്തമായി അപലപിക്കുന്നതായി പ്രഖ്യാപനത്തിൽ പറയുന്നു. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടന്ന ഭീകരാക്രമണങ്ങളെയും എസ്‌സി‌ഒ അപലപിച്ചു.

ഭീകരാക്രമണങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച എസ്‌സി‌ഒ, ഇത്തരം ആക്രമണങ്ങൾ നടത്തിയവരെയും അതിന് പിന്തുണ നൽകിയവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നിവയ്‌ക്കെതിരായ പോരാട്ടത്തിൽ തങ്ങളുടെ ഉറച്ച പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട്, ഭീകരവാദ ഗ്രൂപ്പുകളെ “കൂലിപ്പടയാളികളായി” ഉപയോഗിക്കാനുള്ള ശ്രമങ്ങൾ അസ്വീകാര്യമാണെന്ന് എസ്‌സി‌ഒ ഊന്നിപ്പറഞ്ഞു.

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ‘ഇരട്ടത്താപ്പ്’ അംഗീകരിക്കാനാവില്ലെന്നും, അതിർത്തി കടന്നുള്ള ഭീകരവാദമുൾപ്പെടെയുള്ളവയെ നേരിടാൻ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും എസ്‌സി‌ഒ അംഗരാജ്യങ്ങൾ പ്രഖ്യാപനത്തിലൂടെ ആഹ്വാനം ചെയ്തു. എല്ലാ ഭീകര ഗ്രൂപ്പുകളോടും പോരാടുന്നതിന് യു.എൻ. ചാർട്ടറും അന്താരാഷ്ട്ര നിയമങ്ങളും അനുസരിച്ച് യു.എൻ. സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ പൂർണ്ണമായി നടപ്പാക്കുന്നതിൽ യു.എന്നിനാണ് പ്രധാന പങ്കെന്ന് പ്രഖ്യാപനം ചൂണ്ടിക്കാട്ടി.

കൂടാതെ, ഗസ്സയിൽ ഇസ്റാഈൽ നടത്തുന്ന സൈനികാക്രമണങ്ങളെയും എസ്‌സി‌ഒ അംഗരാജ്യങ്ങൾ അപലപിച്ചു. ഇത് സാധാരണ ജനങ്ങൾക്ക് വലിയ ദുരിതങ്ങൾ ഉണ്ടാക്കിയെന്നും മാനുഷികപരമായ സാഹചര്യങ്ങൾക്ക് വിനാശകരമാണെന്നും പ്രഖ്യാപനത്തിൽ പറയുന്നു.

---- facebook comment plugin here -----

Latest