Connect with us

Kerala

രാജീവ് ചന്ദ്രശേഖറിന്റെ സ്വയം സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം; ബി ജെ പി നേതാക്കള്‍ക്കിടയില്‍ അമര്‍ഷം

കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക എന്ന പാര്‍ട്ടിയുടെ കീഴ്വഴക്കത്തിന് എതിരാണ് സ്വയം പ്രഖ്യാപനമെന്നാണ് ഉയരുന്ന വിമര്‍ശനം

Published

|

Last Updated

കോഴിക്കോട് | ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നേമത്ത് സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനെതിരെ പാര്‍ട്ടിയില്‍ അസ്വാസ്ഥ്യം. കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക എന്ന പാര്‍ട്ടിയുടെ കീഴ്വഴക്കത്തിന് എതിരാണ് സ്വയം പ്രഖ്യാപനമെന്നാണ് ഉയരുന്ന വിമര്‍ശനം. വ്യക്തികളല്ല, പാര്‍ട്ടിയുടെ രീതികളാണ് പ്രധാനം എന്നും സംസ്ഥാന അധ്യക്ഷന്‍ പാര്‍ട്ടിയുടെ രീതികള്‍ തെറ്റിച്ചു എന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ പരാതി.

സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്ക് ശേഷം ബി ജെ പിയുടെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് പ്രഖ്യാപനം നടത്തുന്നതാണ് ബി ജെ പിയിലെ രീതി. എന്നാല്‍ പതിവ് രീതിക്ക് വിപരീതമായി സംസ്ഥാന അധ്യക്ഷന്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ബി ജെ പി ആദ്യമായി അക്കൗണ്ട് തുറന്ന നേമത്ത് ഇത്തവണ മത്സരിക്കുമെന്നാണ് രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. നേമം തനിക്ക് പ്രിയപ്പെട്ട മണ്ഡലമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബി ജെ പി അഭിമാനപൂര്‍വം തുറന്ന അക്കൗണ്ട് സി പി എം പൂട്ടിച്ചിരുന്നു.

പ്രസിഡന്റ് സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കടക്കം കടുത്ത അമര്‍ഷമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥാനാര്‍ഥിത്വം പോലും പാര്‍ട്ടി രീതികള്‍ അനുസരിച്ചാണ് നടന്നത്. പാര്‍ട്ടിയില്‍ വ്യക്തികള്‍ക്ക് അപ്രമാദിത്വം കല്‍പ്പിക്കുന്ന രീതിയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനത്തിലൂടെ പ്രകടമാകുന്നതെന്നു ചില നേതാക്കള്‍ ആരോപിക്കുന്നു.

Latest