Uae
ഏകീകൃത അധ്യയന കലണ്ടർ നടപ്പാക്കുന്നതിന് സ്‌കൂളുകൾ നടപടി തുടങ്ങി
മാറ്റത്തിന്റെ ഘട്ടത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ പതിവായ ഫീഡ്ബാക്ക് സംവിധാനങ്ങൾ ഉണ്ടാകും

ദുബൈ|യു എ ഇയിലെ സ്‌കൂളുകൾ, വിദ്യാഭ്യാസ സമ്പ്രദായം ഏകീകരിക്കാനും വിദ്യാർഥികളുടെ പഠനാനുഭവം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്ന മന്ത്രാലയത്തിന്റെ പുതിയ നിർദേശങ്ങളും ഏകീകൃത അധ്യയന കലണ്ടറും നടപ്പാക്കുന്നതിന് ഒരുങ്ങി. വിദ്യാഭ്യാസ മന്ത്രാലയവും നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ എച്ച് ഡി എ)യുമാണ് പുതിയ അധ്യയന വർഷത്തിൽ നിരവധി മാറ്റങ്ങൾ അവതരിപ്പിച്ചത്. പാഠ്യപദ്ധതിയുടെ ഏകീകരണം, മൂല്യനിർണയ പരിഷ്‌കാരങ്ങൾ, അധ്യാപകർക്കുള്ള പ്രൊഫഷണൽ വികസനം എന്നിവയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പൊതു, സ്വകാര്യ സ്‌കൂളുകളിൽ ഏകീകൃത അധ്യയന കലണ്ടർ നടപ്പാക്കുന്നത് പ്രധാന മാറ്റങ്ങളിലൊന്നാണ്. ഇത് ടേം തീയതികൾ, അവധികൾ, പരീക്ഷാ ഷെഡ്യൂളുകൾ എന്നിവയിൽ സ്ഥിരത ഉറപ്പാക്കും. കുടുംബങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മികച്ച ആസൂത്രണം നടത്താൻ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ക്ലാസ് മുറികളിൽ സാങ്കേതിക വിദ്യയുടെ ഉപയോഗം വർധിപ്പിക്കാനും ഡിജിറ്റൽ സാക്ഷരത പ്രോത്സാഹിപ്പിക്കാനും വിദ്യാർഥികളിൽ വിമർശനാത്മക ചിന്താശേഷി വളർത്താനും ഊന്നൽ നൽകുന്നുണ്ട്. വിവിധ വിദ്യാർഥികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഫ്ലെക്‌സിബിൾ പഠന മാതൃകകൾ സ്വീകരിക്കാനും സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കുന്നു.
പുതിയ നിർദേശങ്ങൾ വിദ്യാർഥികളുടെ ക്ഷേമത്തിനും പ്രാധാന്യം നൽകുന്നു. മാനസികാരോഗ്യത്തിനും വൈകാരിക വികസനത്തിനും സമഗ്രമായ പിന്തുണ സംവിധാനങ്ങൾ നടപ്പാക്കാൻ സ്‌കൂളുകളോട് അഭ്യർഥിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ അധ്യാപകർക്ക് പതിവായ പരിശീലന സെഷനുകളും പദ്ധതിയുടെ ഭാഗമാണ്. ഈ പരിഷ്‌കാരങ്ങൾ വിദ്യാർഥികളെ ഭാവിയിലെ വെല്ലുവിളികൾക്കായി ഒരുക്കുന്നതിനും യു എ ഇയുടെ വിദ്യാഭ്യാസ സമ്പ്രദായം ആഗോളതലത്തിൽ മത്സരക്ഷമമായി നിലനിർത്തുന്നതിനും നിർണായകമാണെന്ന് അധികൃതർ പറഞ്ഞു. മാറ്റത്തിന്റെ ഘട്ടത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ പതിവായ ഫീഡ്ബാക്ക് സംവിധാനങ്ങൾ ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.