Kerala
സ്റ്റീല്‍ ബിന്നിൽ മലമൂത്ര മാലിന്യവും നിക്ഷേപിക്കുന്നു; ദുരിതം പേറി ശുചീകരണത്തൊഴിലാളികള്‍
ഇവ നീക്കം ചെയ്യാന്‍ നഗര ശുചീകരണത്തൊഴിലാളികളെ അധികൃതര്‍ നിര്‍ബന്ധിക്കുന്നെന്ന് പരാതി

കോഴിക്കോട് | മാലിന്യങ്ങള്‍ നിക്ഷേപിക്കാനായി നഗരത്തില്‍ സ്ഥാപിച്ച സ്റ്റീല്‍ ബിന്നുകളില്‍ മലമൂത്ര വിസര്‍ജ്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ പ്രതിഷേധവുമായി കോര്‍പറേഷന്‍ ശുചീകരണത്തൊഴിലാളികള്‍. കിടപ്പുരോഗികള്‍, കൊച്ചുകുട്ടികള്‍ തുടങ്ങിയവര്‍ ഉപയോഗിക്കുന്ന ഡയപർ പാതയോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകളില്‍ നിക്ഷേപിക്കുകയും ഇവ നീക്കം ചെയ്യാന്‍ നഗര ശുചീകരണത്തൊഴിലാളികളെ കോര്‍പറേഷന്‍ അധികൃതര്‍ നിര്‍ബന്ധിക്കുകയും ചെയ്യുകയാണ്.
നഗരങ്ങളില്‍ മനുഷ്യവിസര്‍ജ്യം തലയില്‍ പേറുന്ന അപരിഷ്‌കൃത ജോലി 1984ല്‍ കേരളത്തില്‍ അവസാനിപ്പിച്ചതാണ്. ഒട്ടേറെ സമരങ്ങളില്‍ കൂടിയാണ് മുനിസിപ്പല്‍ കണ്ടിജന്റ് ജീവനക്കാര്‍ ഈ നികൃഷ്ഠ ജോലിക്ക് വിരാമമിട്ടത്. എന്നാല്‍ കോര്‍പറേഷനില്‍ പുതിയ രൂപത്തില്‍ ഈ ജോലി അടിച്ചേല്‍പ്പിക്കുകയാണെന്ന് തൊഴിലാളികള്‍ പരാതി പറയുന്നു.
വീടുകളില്‍ സംസ്‌കരിക്കേണ്ട മാലിന്യം പാതയോരത്ത് തട്ടുന്നവര്‍ക്കെതിരെ കര്‍ശനശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് സിറ്റി കോര്‍പറേഷന്‍ വര്‍ക്കേഴ്സ് യൂനിയന്‍ എ ഐ ടി യു സി സെക്രട്ടറി കെ ജി പങ്കജാക്ഷന്‍ ആവശ്യപ്പെട്ടു.