Ongoing News
യോഗി സ്തുതി; സമാജ്‌വാദി പാർട്ടി എം എൽ എ. പൂജ പാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
നിയമസഭയിൽ സംസാരിക്കവെ, യോഗി ആദിത്യനാഥിന്റെ 'സീറോ ടോളറൻസ്' നയങ്ങളെ പൂജ പാൽ അഭിനന്ദിച്ചിരുന്നു.

ലക്‌നൗ | ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരസ്യമായി പ്രശംസിച്ചതിന് പിന്നാലെ സമാജ്‌വാദി പാർട്ടി (എസ് പി) എം എൽ എ പൂജ പാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് നടപടി.
നിയമസഭയിൽ സംസാരിക്കവെ, യോഗി ആദിത്യനാഥിന്റെ ‘സീറോ ടോളറൻസ്’ നയങ്ങളെ പൂജ പാൽ അഭിനന്ദിച്ചിരുന്നു. പ്രയാഗ്‌രാജിലെ സ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ ഈ നയങ്ങൾ സഹായിച്ചെന്നും, തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ അതിഖ് അഹമ്മദിനെ പോലുള്ള ക്രിമിനലുകൾക്കെതിരെ യോഗി ശക്തമായ നടപടിയെടുത്തെന്നും അവർ പറഞ്ഞു. “മറ്റാരും ശ്രദ്ധിക്കാതെ പോയപ്പോൾ എനിക്ക് നീതി നൽകിയ മുഖ്യമന്ത്രിക്ക് ഞാൻ നന്ദി പറയുന്നു” – അവർ പറഞ്ഞു.
ഈ പ്രസ്താവനയ്ക്ക് പിന്നാലെ പാർട്ടി നേതൃത്വം കർശന നടപടി സ്വീകരിക്കുകയായിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും അച്ചടക്ക ലംഘനവുമാണ് പുറത്താക്കാൻ കാരണമെന്ന് എസ് പി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും പൂജ പാൽ തന്റെ പ്രവർത്തനങ്ങൾ നിർത്തിയില്ലെന്നും, ഇത് പാർട്ടിക്ക് വലിയ ദോഷമുണ്ടാക്കിയെന്നും കത്തിൽ പറയുന്നു. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും അവരെ നീക്കം ചെയ്യുകയും, ഇനി ഒരു പാർട്ടി പരിപാടികളിലേക്കും യോഗങ്ങളിലേക്കും ക്ഷണിക്കില്ലെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
എന്നാൽ പാർട്ടി നടപടിയോട് പൂജ പാൽ ശക്തമായി പ്രതികരിച്ചു. തന്നെക്കാൾ ഏറെ ആശങ്കയിലായിരുന്ന പ്രയാഗ്‌രാജിലെ സ്ത്രീകളെ നിങ്ങൾക്ക് ഒരുപക്ഷേ കേൾക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ലെന്നും താൻ അവരുടെ ശബ്ദമാണെന്നും അവർ പറഞ്ഞു. താൻ ഒരു എം എൽ എ ആകുന്നതിന് മുൻപ് ഇരയാക്കപ്പെട്ട ഒരു സ്ത്രീയും ഭാര്യയുമായിരുന്നുവെന്നും, തങ്ങൾക്കുണ്ടായ ദുരനുഭവം സഹിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.