Kerala
ശബരിമല റോപ് വേ: കേന്ദ്ര സംഘം അന്തിമ പരിശോധന നടത്തി
സന്നിധാനം, മരക്കൂട്ടം, പമ്പ ഹില്‍ടോപ്പ് എന്നീ സ്ഥലങ്ങളിലാണ് സംഘം സ്ഥല പരിശോധന നടത്തിയത്

പത്തനംതിട്ട | ശബരിമല റോപ് വേ അന്തിമ അനുമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം പരിശോധന നടത്തി. ഇന്നലെയും ഇന്നുമായി സന്നിധാനം, മരക്കൂട്ടം, പമ്പ ഹില്‍ടോപ്പ് എന്നീ സ്ഥലങ്ങളിലാണ് സംഘം സ്ഥല പരിശോധന നടത്തിയത്. കേന്ദ്ര സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതിക്ക് അന്തിമ അനുമതി ലഭ്യമാകും.
കേന്ദ്ര സംഘത്തില്‍ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യ ഡല്‍ഹിയിലെ ജോണ്‍സണ്‍, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ശിവകുമാര്‍, ഹരിണി വേണുഗോപാല്‍(ദേശീയ കടുവ സംരക്ഷണ അതോറിറ്റി) എന്നിവര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. കേരള വനം വകുപ്പ്, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും കേന്ദ്ര സംഘത്തോടൊപ്പം പരിശോധനകളില്‍ പങ്കാളികളായി.
റോപ് വേ പദ്ധതിയുടെ ടവറുകള്‍ സ്ഥാപിക്കുന്ന ഇടങ്ങളിലും കടന്നു പോകുന്ന വനമേഖലയിലും രണ്ടുദിവസങ്ങളിലായി വിശദമായ പരിശോധനയാണ് സംഘം നടത്തിയത്. പദ്ധതിക്ക് ഉപയോഗിക്കുന്ന വനഭൂമി, ദേവസ്വം ഭൂമി, പദ്ധതിയുടെ ഭാഗമായി പൂര്‍ണ്ണമായി മുറിച്ചുമാറ്റുന്ന മരങ്ങള്‍, ഭാഗികമായി വെട്ടിമാറ്റുന്ന മരങ്ങള്‍ ഇവയെല്ലാം സംഘം വിശദമായി പരിശോധിച്ചു.