Kerala
ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡിനെ കുറ്റപ്പെടുത്തി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്
ബോര്‍ഡ് അധികാരികളുടെ പ്രേരണയോ സമ്മര്‍ദമോ നിര്‍ദേശമോ ഉണ്ടായിരുന്നോ എന്നത് ഗൗരവമായി അന്വേഷിക്കണം

തിരുവനന്തപുരം | ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ള അന്നത്തെ ദേവസ്വം ബോര്‍ഡ് അറിഞ്ഞില്ല എന്ന് കരുതാന്‍ കഴിയില്ലെന്ന് ഹൈക്കോടതിക്ക് സമര്‍പ്പിച്ച ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. സ്വര്‍ണക്കൊള്ളയില്‍ ബോര്‍ഡ് അധികാരികളുടെ പ്രേരണയോ സമ്മര്‍ദമോ നിര്‍ദേശമോ ഉണ്ടായിരുന്നോ എന്നത് ഗൗരവമായി അന്വേഷിക്കണം. നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും പറയുന്നു.
മാത്രമല്ല ഉദ്യോഗസ്ഥര്‍ അവരുടെ താത്പര്യപ്രകാരമാണ് ഇപ്രകാരം ചെയ്തത് എന്നും കരുതാന്‍ കഴിയില്ല. 2019 ലെ ബോര്‍ഡ് അധികാരികളുടെ പ്രേരണയോ സമ്മര്‍ദ്ദമോ നിര്‍ദ്ദേശമോ ഉണ്ടോയെന്ന സംശയവും ഉന്നയിക്കുന്നുണ്ട്. ദ്വാരപാലക ശില്‍പ്പ പാളികള്‍ നിയമവിരുദ്ധമായി ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയ്ക്ക് പുറത്ത് കൊണ്ടുപോയി സ്വര്‍ണം പൂശാന്‍ ഇടയായത് 2019ലെ ബോര്‍ഡിന്റെ വീഴ്ചയാണെന്നും ഇക്കാര്യത്തില്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ നടപടി വേണം എന്നും പറയുന്നുണ്ട്.
ദേവസ്വം മാന്വലും ദേവസ്വം ചട്ടങ്ങളും നിലനില്‍ക്കേ ദ്വാരപാലക ശില്‍പങ്ങളുടെ ഭാഗങ്ങള്‍ 49 ദിവസങ്ങള്‍ കഴിഞ്ഞാണ് തിരികെ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമവിരുദ്ധമായി ഉദ്യോഗസ്ഥര്‍ ഇപ്രകാരം ചെയ്ത വിവരം ദേവസ്വം ബോര്‍ഡിന്റെ അധികാരികള്‍ അറിഞ്ഞില്ല എന്ന് കരുതാന്‍ കഴിയുന്നില്ല. ഉദ്യോഗസ്ഥ വീഴ്ച അക്കമിട്ട് നിരത്തുന്നതിനൊപ്പം അന്നത്തെ ദേവസ്വം ബോര്‍ഡിനെ സംശയിക്കുന്നതാണ് റിപ്പോര്‍ട്ട്.
ഉദ്യോഗസ്ഥ വീഴ്ചയും റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ പേര് റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്. ദ്വാരപാലക ശില്‍പ്പങ്ങളിലെ പാളി സ്വര്‍ണപ്പാളിയാണെന്ന് അറിയാമായിരുന്നിട്ടും ചെമ്പുതകിടുകള്‍ എന്ന് രേഖപ്പെടുത്തി കൈമാറിയതില്‍ വസ്തുതാവിരുദ്ധമായ ശുപാര്‍ശ ബോര്‍ഡിന് നല്‍കിയെന്ന കാര്യം വ്യക്തമാക്കുന്നുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളി കൊടുത്തുവിടാനുള്ള സകല അനുമതിയും ആദ്യഘട്ടത്തില്‍ നല്‍കിയത് മുരാരി ബാവുവാണ് എന്നുള്ള കാര്യവും വ്യക്തമാക്കുന്നുണ്ട്. മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന്റെ പേരാണ് അടുത്തത്. സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ചെമ്പ് പാളി എന്ന് രേഖപ്പെടുത്തി കത്ത് കൈമാറിയതില്‍ സുധീഷ്‌കുമാറിന് പങ്കുണ്ടെന്നാണ് പറയുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം കൈവശപ്പെടുത്താന്‍ സുധീഷ്‌കുമാറിന്റെ ഉത്തരവ് കാരണമായി എന്നും വ്യക്തമാകുന്നുണ്ട്.
മഹസര്‍ എഴുതിയ സമയം സ്ഥലത്തില്ലാതിരുന്നവരുടെ പേര് മഹസറില്‍ അശ്രദ്ധമായും ബോധപൂര്‍വവും രേഖപ്പെടുത്തി എന്നതാണ് അടുത്തത്. ദ്വാരപാലക ശില്‍പങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കുന്നു എന്ന് മഹസറില്‍ എഴുതി, അത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തുക്കള്‍ക്ക് വിട്ടുകൊടുത്തു എന്നതാണ് സുധീഷ് കുമാറിന്റെ വീഴ്ചയായി രേഖപ്പെടുത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയായിരുന്ന എസ് ജയശ്രീയുടെ പേരാണ് അടുത്തത്. അസിസ്റ്റന്റ് എന്‍ജിനീയര്‍, മരാമത്ത് വിഭാഗം ശബരിമല കെ സുനില്‍ കുമാര്‍ ആണ് നാലാമത്തെ പേര്. അഡ് മിനിസ്ട്രേറ്റ്ീവ് ഓഫീസര്‍ എസ് ശ്രീകുമാറിന്റെ പേരാണ് അടുത്തത്.
മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു, മുന്‍ തിരുവാഭരണം കമ്മീഷണര്‍ ആര്‍ ജി രാധാകൃഷ്ണന്‍ എന്നിവരുടെ വീഴ്ചകളാണ് പ്രധാനമായും എണ്ണിപ്പറയുന്നത്. സ്വര്‍ണം പൂശിയ ശേഷം ദ്വാരപാലക ശില്‍പ്പങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു എന്ന പിഴവും ചൂണ്ടിക്കാട്ടുന്നു. അതിന് ശേഷം പോറ്റി ഇത് ജയറാമിന്റെ വീട്ടിലടക്കം കൊണ്ടുപോയെന്ന കാര്യവും ദേവസ്വം വിജിലന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ചെന്നൈയിലെയും കര്‍ണാടകയിലേയും ചില ക്ഷേത്രങ്ങളിലേക്ക് ഇത് കൊണ്ടുവന്ന് വച്ച് അന്യായമായി ലാഭമുണ്ടാക്കി എന്നും റിപ്പോര്‍ട്ട് പറയുന്നു.