National
ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍: ഇന്ദിരാഗാന്ധിക്കു പിഴച്ചുവെന്ന് ചിദംബരം; ചിദംബരത്തെ തള്ളി കോണ്‍ഗ്രസ്
ചിദംബരത്തിന് മേല്‍ എന്തോ സമ്മര്‍ദ്ദമുണ്ട് കേസുകളുള്ളപ്പോള്‍ ബി ജെ പിയെ ഇങ്ങനെ തൃപ്തിപ്പെടുത്തേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു

ന്യൂഡല്‍ഹി | സിഖ് മതത്തിന്റെ സുപ്രധാന ആരാധനാലയമായ പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ ഭീകര വേട്ടക്കായി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടത്തിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനെതിരായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പ്രതികരണം വിവാദത്തില്‍.
ചിദംബരത്തെ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി. ചിദംബരത്തിന് മേല്‍ എന്തോ സമ്മര്‍ദ്ദമുണ്ട് കേസുകളുള്ളപ്പോള്‍ ബി ജെ പിയെ ഇങ്ങനെ തൃപ്തിപ്പെടുത്തേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ തെറ്റായിരുന്നുവെന്നാണ് ചിദംബരം പറഞ്ഞത്. ഇന്ദിരാഗാന്ധിക്ക് ജീവന്‍ ബലികൊടുക്കേണ്ടിവന്നത് തെറ്റായ തീരുമാനത്തിന്റെ പേരിലാണ്. ആര്‍മിയുടെ തീരുമാനമായിരുന്നു ഓപ്പറേഷന്‍ ബ്ലൂസ്റ്റാറെന്നും ഇന്ദിരഗാന്ധി നിരപരാധിയായിരുന്നുവെന്നും ചിദംബരം പറഞ്ഞു.
ചിദംബരത്തിന്റെ നിലപാട് ബി ജെ പി ആയുധമാക്കി. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ വിഡ്ഢിത്തമായിരുന്നുവെന്ന് കോണ്‍ഗ്രസിന് മനസിലാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നെന്ന് ബി ജെ പി പരിഹസിച്ചു. രാജീവ് ഗാന്ധികൊല്ലപ്പെട്ടതും അദ്ദേഹത്തിന്റെ തെറ്റായ തീരുമാനത്തിന്റെ ഫലമായിരുന്നുവെന്ന് കോണ്‍ഗ്രസ് പറയുമോയെന്നും ബി ജെ പി വക്താവ് അമിത് മാളവ്യ ചോദിച്ചു.