Connect with us

International

എ ഐ അധിഷ്ഠിത ബിസിനസ് മോഡലുകള്‍ രംഗം കീഴടക്കി; ലോകത്തിലെ മുന്‍നിര ടെക് കമ്പനികളിലെ പിരിച്ചുവിടല്‍ രൂക്ഷമായി

ഭാവിയില്‍ ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന് വിദഗ്ധര്‍

Published

|

Last Updated

കാലിഫോര്‍ണിയ | എ ഐ അധിഷ്ഠിത ബിസിനസ് മോഡലുകള്‍ രംഗം കീഴടക്കിയതോടെ ലോകത്തിലെ മുന്‍നിര ടെക് കമ്പനികളിലെ പിരിച്ചുവിടല്‍ രൂക്ഷമാകുന്നു. എച്ച് പിയും ആപ്പിളും വലിയ തോതിലുള്ള തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ പ്രഖ്യാപിച്ചു. ഭാവിയില്‍ ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

2028 ആകുമ്പോഴേക്കും ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ടെക് കമ്പനിയായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് പ്രഖ്യാപിച്ചു. വിവിധ മേഖലയില്‍ ലിയ തോതില്‍ എ ഐ സ്വീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പിരിച്ചുവിടലെന്ന് കമ്പനി പറയുന്നു.മുമ്പ് പ്രഖ്യാപിച്ച പുനസ്സംഘടനയുടെ ഭാഗമായി എച്ച് പി ഈ വര്‍ഷം ആദ്യം 2,000 ത്തില്‍ അധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കൂട്ട പിരിച്ചു വിടലിലൂടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒരു ബില്യണ്‍ ഡോളറിന്റെ ചെലവ് ലാഭിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായി എച്ച് പി സി ഇ ഒ എന്റിക് ലോറസ് പറഞ്ഞു.

ഈ ആഴ്ച ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡും അവരുടെ സെയില്‍സ് ടീമിനെ നിശബ്ദമായി വെട്ടിക്കുറച്ചു. ബിസിനസുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയ വിഭാഗങ്ങളിലായി ഡസന്‍ കണക്കിന് സെയില്‍സ് റോളുകള്‍ കമ്പനി ഒഴിവാക്കി. ബ്രീഫിംഗ് സെന്ററിലെ അക്കൗണ്ട് മാനേജര്‍മാരെയും ഉല്‍പ്പന്ന ഡെമോകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരെയും ഈ പിരിച്ചുവിടല്‍ നീക്കം ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പിരിച്ചുവിടല്‍ ബാധിച്ചവര്‍ക്ക് മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാമെന്നും ആപ്പിള്‍ പറഞ്ഞു. ആപ്പിള്‍ തങ്ങളുടെ വില്‍പ്പനയുടെ കൂടുതല്‍ തേര്‍ഡ് പാര്‍ട്ടി റീസെല്ലര്‍മാരിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ആമസോണ്‍ മാത്രം 14,000 കോര്‍പ്പറേറ്റ് ജോലികള്‍ കുറയ്ക്കാന്‍ തയ്യാറെടുക്കുകയാണ്. ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ ആയിരിക്കും ഇത്. നവംബറില്‍ 20 ടെക് കമ്പനികള്‍ ഇതുവരെ 4,545 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.

---- facebook comment plugin here -----

Latest