Kerala
അര്‍ച്ചനയെ ഭര്‍ത്താവ് ഷാരോണ്‍ കൊന്നതാണെന്ന ആരോപണവുമായി പിതാവ്
ഗര്‍ഭിണിയായ 20കാരിയെ ഭര്‍ത്താവിന്റെ വീടിന് സമീപം കനാലില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത് ഇന്നലെ വൈകീട്ട്
തൃശ്ശൂര്‍ | ഗര്‍ഭിണിയായ 20കാരിയെ ഭര്‍ത്താവിന്റെ വീടിന് സമീപം കനാലില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം. തൃശ്ശൂര്‍ വരന്തരപ്പിള്ളി മാട്ടുമലയില്‍ ഇന്നലെ വൈകീട്ട് മരിച്ച അര്‍ച്ചനയെ ഭര്‍ത്താവ് ഷാരോണ്‍ കൊന്നതാണെന്ന ആരോപണവുമായി പിതാവ് ഹരിദാസ് രംഗത്തുവന്നു.
സംശയരോഗിയായിരുന്ന ഷാരോണ്‍ അര്‍ച്ചനയെ ക്രൂരമായി മര്‍ദിക്കുമായിരുന്നു. ആറുമാസമായി ഫോണ്‍ ചെയ്യാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും ഹരിദാസ് പറഞ്ഞു. ഭര്‍ത്താവ് ഷാരോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗര്‍ഭിണിയാണെന്ന വിവരം അര്‍ച്ചന വീട്ടില്‍ അറിയിച്ചിരുന്നു.
ഷാരോണ്‍ കഞ്ചാവ് കേസിലെ പ്രതിയാണെന്ന് പഞ്ചായത്തംഗം ബിന്ദു പ്രിയന്‍ പറഞ്ഞു.
ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് അര്‍ച്ചന മരിച്ചതെന്നും ക്രൂരമായ പീഡനമാണ് അര്‍ച്ചനക്ക് ഏല്‍ക്കേണ്ടിവന്നതെന്നും പഞ്ചായത്തംഗവും പറഞ്ഞു. വീടിനു സമീപത്തെ കനാലിലാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. ആറുമാസം മുമ്പാണ് വിവാഹിതരായത്.


