Kerala
കാസര്‍കോട് റിമാന്‍ഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച സംഭവം; സ്വാഭാവിക മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
പ്രതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണമില്ലെന്നും ഹൃദയാഘാത സാധ്യതയാണെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.
കാസര്‍കോട്| കാസര്‍കോട് റിമാന്‍ഡ് പ്രതി മുബഷിര്‍ ജയിലിനുള്ളില്‍ മരിച്ച സംഭവത്തില്‍ സ്വാഭാവിക മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണമില്ലെന്നും ഹൃദയാഘാത സാധ്യതയാണെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. സ്ഥിരീകരിക്കാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്.
അതേസമയം ദേളി സ്വദേശി മുബഷിറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് കുടുംബം രംഗത്തെത്തി. ജയിലില്‍ കാണാന്‍ പോയപ്പോള്‍ മര്‍ദ്ദനമേറ്റ കാര്യം മുബഷിര്‍ പറഞ്ഞിരുന്നുവെന്ന് മാതാവ് ഹാജറ പറഞ്ഞു. മകന് ഒരു രോഗവും ഇല്ലായിരുന്നു. അറിയാത്ത ഗുളികള്‍ നല്‍കിയെന്നും ജയില്‍ മാറ്റണമെന്ന് മുബഷീര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും കുടുംബം ആരോപിച്ചു. മരിച്ചതിന്റെ തലേദിവസം പോയപ്പോഴും മുബഷീര്‍ ആശുപത്രിയിലായിരുന്നു. മുബഷിറിന്റെ മരണത്തില്‍ അന്വേഷണം വേണമെന്നും മാതാവ് ആവശ്യപ്പെട്ടു.
2016 ലെ പോക്‌സോ കേസില്‍ ഈ മാസമാണ് മുബഷിര്‍ അറസ്റ്റിലായത്. ഇന്നലെ രാവിലെയാണ് മുബഷിറിനെ ജയിലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


