Connect with us

Kerala

ശബരിമല സ്വര്‍ണ കവര്‍ച്ചാ കേസ്; ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ റിമാന്‍ഡില്‍

14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

Published

|

Last Updated

പത്തനംതിട്ട |  ശബരിമല സ്വര്‍ണ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ റിമാന്‍ഡില്‍. പത്തനംതിട്ട ജഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ആണ് കേസ് പരിഗണിച്ചത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ശബരിമലയിലെ കട്ടിളപ്പാളിയില്‍ നിന്ന് സ്വര്‍ണം അപഹരിച്ച കേസിലും ദ്വാരപാലക ശില്‍പങ്ങളില്‍ നിന്ന് സ്വര്‍ണം അപഹരിച്ച കേസിലും സുധീഷ് കുമാറിന്റെ അറസ്റ്റ് ശനിയാഴ്ച രാവിലെ എസ് ഐ ടി രേഖപ്പെടുത്തിയിരുന്നു.

ഇയാളെ വെള്ളിയാഴ്ച വൈകിട്ട് മുതല്‍ തിരുവനന്തപുരം ഈഞ്ചക്കല്‍ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വരികയായിരുന്നു. ഗൂഢാലോചനയില്‍ സുധീഷ് കുമാറിന് പങ്കെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പാളികളില്‍ സ്വര്‍ണം പൊതിഞ്ഞിരുന്നതായി സുധീഷ് കുമാറിന് അറിവുണ്ടായിരുന്നു. ഇത് ചെമ്പ് പാളി എന്ന വ്യാജ രേഖയുണ്ടാക്കാന്‍ ഗൂഢാലോചന നടത്തി. പാളികള്‍ അഴിച്ചുമാറ്റുമ്പോള്‍ തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ല. ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണ പാളികളെ വെറും ചെമ്പ് പാളികള്‍ എന്ന് എഴുതുകയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം നവീകരണത്തിനായി കൊടുത്തുവിടാം എന്ന് ബോര്‍ഡിന് തെറ്റായ ശുപാര്‍ശ കത്ത് നല്‍കുകയും ചെയ്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മഹസ്സറുകളിലും വെറും ചെമ്പ് തകിടുകള്‍ എന്ന് രേഖപ്പെടുത്തി. മഹസര്‍ തയ്യാറാക്കിയ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണം കൈവശപ്പെടുത്താന്‍ അവസരം ഒരുക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കേസുമായി ബന്ധപ്പെട്ട് മുന്‍പ് അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവരുടെ മൊഴിയില്‍ സുധീഷിനെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. സുധീഷ് കുമാറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി എസ് ഐ ടി തിങ്കളാഴ്ച അപേക്ഷ നല്‍കും.

 

Latest