International
എസ് ജയശങ്കർ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി
എച്ച്-1ബി വിസ ഫീസും താരിഫ് വിഷയങ്ങളും ചർച്ചയായി

ന്യൂയോർക്ക് | യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് മേൽ അധിക താരിഫ് ചുമത്തിയതിന് ശേഷം ആദ്യമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. 80-ാമത് യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയുടെ (യുഎൻജിഎ) ഭാഗമായാണ് ഇരുവരും ന്യൂയോർക്കിൽ കണ്ടുമുട്ടിയത്.
റഷ്യൻ എണ്ണ ഇടപാടുകളുമായി ബന്ധപ്പെട്ട താരിഫ്, എച്ച്-1ബി വിസ നിയന്ത്രണങ്ങൾ തുടങ്ങിയവ ഇന്ത്യ-യുഎസ് ബന്ധത്തിൽ വളർന്നുവരുന്ന പ്രശ്നങ്ങളാണ്. പാകിസ്താൻ-സൗദി അറേബ്യ പരസ്പര പ്രതിരോധ ഉടമ്പടിയിൽ യുഎസ് പുലർത്തുന്ന മൗനവും ഇന്ത്യയുടെ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
നേരത്തെ, ജൂലൈയിൽ വാഷിംഗ്ടണിൽ നടന്ന 10-ാമത് ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും ജനുവരിയിലും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ വർഷം ഇവർ തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്.